പരപ്പനങ്ങാടി- മയക്കുമരുന്ന് കൈവശം വെച്ചുവെന്ന് ആരോപിച്ച് പോലീസ് പിടികൂടിയ യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പോലീസുകാരായ നാലു പ്രതികളെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി സീനിയർ സി.പി.ഒ ജിനേഷ്, രണ്ടാം പ്രതി സി.പി.ഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി സി.പി.ഒ അഭിമന്യു, നാലാം പ്രതി സി.പി.ഒ വിപിൻ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ് പുലർച്ചെയാണ് പ്രതികളെ സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്.
2021 ഓഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. താനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രി പോലീസ് കസ്റ്റഡിയിൽ മരിക്കുകയായിരുന്നു. അമിത രക്തസ്രാവവും ശരീരത്തിലുണ്ടായ മുറിവുകളുമാണ് താമിർ ജിഫ്രിയുടെ മരണകാരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്.
പോലീസുകാരായ പ്രതികൾക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ കുടുംബം നേരത്തേ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് സർക്കാർ കേസ് സിബിഐക്ക് വിടുകയായിരുന്നു.