ന്യൂഡൽഹി: സിനിമയിൽ സജീവമാകാൻ കഴിയാത്തതിനാൽ തന്നെ കേന്ദ്രമന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി സുരേഷ് ഗോപി രംഗത്തെത്തി. ഈ മാസം പകുതിയോടെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെയാണ് അദ്ദേഹം തന്റെ നിലപാട് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ അറിയിച്ചത്. മന്ത്രിയായ ശേഷം സിനിമകൾ ചെയ്യാൻ സാധിക്കുന്നില്ലെന്ന അതൃപ്തിയാണ് അദ്ദേഹം നേതൃത്വത്തിന് മുന്നിൽ വെച്ചിട്ടുള്ളത്.
ജൂൺ 15-ന് ശേഷം നടക്കാനിരിക്കുന്ന ഈ പുനഃസംഘടനയിൽ 10 മുതൽ 12 വരെ വകുപ്പുകളിൽ വലിയ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്നാണ് സൂചന. ധനം, റെയിൽവേ തുടങ്ങിയ പ്രധാന വകുപ്പുകളിൽ മാറ്റമുണ്ടാകാൻ സാധ്യത പ്രവചിക്കപ്പെടുമ്പോൾ, പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം നേരിടുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ മന്ത്രിസഭയിൽ നിന്ന് പുറത്താകുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. 2029-ലെ ലോക്‌സഭ തിരഞ്ഞെടുപ്പും വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളും ലക്ഷ്യമിട്ടാണ് ബിജെപിയുടെ ഈ നിർണായക നീക്കം.
മന്ത്രിസഭാ പുനഃസംഘടനയോടൊപ്പം ബിജെപിയിൽ വലിയ സംഘടനാ അഴിച്ചുപണികളും നടക്കുന്നുണ്ട്. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ദക്ഷിണേന്ത്യയിൽ നിന്നുള്ള ദേശീയ ജനറൽ സെക്രട്ടറിയായി നിയമിതനാകാനാണ് സാധ്യത. സ്ഥാനമൊഴിഞ്ഞ അധ്യക്ഷനെന്ന പരിഗണനയാണ് അദ്ദേഹത്തിന് ലഭിക്കുക. നിലവിൽ കേരളത്തിൽ നിന്നുള്ള അനിൽ ആന്റണിയും എ.പി. അബ്ദുള്ളക്കുട്ടിയും ദേശീയ ഭാരവാഹികളായി തുടരുന്നുണ്ട്. അതേസമയം, രാജ്യസഭാ കാലാവധി പൂർത്തിയാക്കുന്ന ജോർജ് കുര്യൻ കേന്ദ്ര മന്ത്രിസ്ഥാനം ഒഴിഞ്ഞാൽ പകരം സി. സദാനന്ദൻ മാസ്റ്റർ, അനിൽ ആന്റണി, കെ. സുരേന്ദ്രൻ എന്നിവരിൽ ആരെങ്കിലും ഒരാൾ മന്ത്രിസഭയിലേക്ക് എത്തിയേക്കും.
പുതിയ സംസ്ഥാന അധ്യക്ഷന്മാരായി നിയമിതരായ പങ്കജ് ചൗധരി, ഹർഷ് മൽഹോത്ര എന്നിവർ സഹമന്ത്രിസ്ഥാനം ഒഴിയുമെന്നും റിപ്പോർട്ടുകളുണ്ട്. കേന്ദ്ര മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്ന ഒരു പ്രമുഖ നേതാവിന് 2028-ൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടക ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതല നൽകാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ഇതിനൊപ്പം കേരളത്തിലെ പാർട്ടി പുനഃസംഘടനയിലും മാറ്റങ്ങൾ പ്രകടമാകും. ദീർഘകാലമായി കേരള ബിജെപിയുടെ പ്രഭാരി സ്ഥാനത്ത് തുടരുന്ന മുതിർന്ന നേതാവ് പ്രകാശ് ജാവദേക്കർ ഈ പദവിയിൽ നിന്ന് മാറുമെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരങ്ങൾ.



