വാഷിംഗ്ടണ്‍ – രണ്ടു ദിവസമായി വാഷിംഗ്ടണില്‍ നടന്ന നാലാം റൗണ്ട് ചര്‍ച്ചകളെ തുടര്‍ന്ന് നേരത്തെ അംഗീകരിച്ച ദുര്‍ബലമായ വെടിനിര്‍ത്തല്‍ നടപ്പാക്കാനും ലെബനോനില്‍ ഹിസ്ബുല്ലയെ ഒഴിപ്പിച്ചുള്ള സുരക്ഷാ മേഖലകള്‍ സ്ഥാപിക്കാനുമുള്ള കരാര്‍ ലെബനോനും ഇസ്രായിലും പ്രഖ്യാപിച്ചു. ഹിസ്ബുല്ല ആക്രമണം പൂര്‍ണ്ണമായും അവസാനിപ്പിക്കുകയും ലിറ്റാനി നദിയുടെ തെക്ക് ഭാഗത്തുള്ള പ്രദേശങ്ങളില്‍ നിന്ന് മുഴുവന്‍ ഹിസ്ബുല്ല പ്രവര്‍ത്തകരെയും ഒഴിപ്പിക്കുകയും ചെയ്യണമെന്ന ഉപാധിയോടെയാണ് വെടിനിര്‍ത്തല്‍ അംഗീകരിച്ചിരിക്കുന്നതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ സംയുക്ത പ്രസ്താവന വ്യക്തമാക്കി. സര്‍ക്കാരേതര പങ്കാളികളെ ഒഴിവാക്കി, ലെബനീസ് സൈന്യത്തിന് പൂര്‍ണ നിയന്ത്രണം ഉണ്ടായിരിക്കുന്ന പൈലറ്റ് സോണുകള്‍ സ്ഥാപിക്കാനും ഇരുപക്ഷവും സമ്മതിച്ചു. ഈ നടപടികള്‍ സമഗ്രമായ സമാധാന-സുരക്ഷാ കരാറിലേക്കുള്ള പുരോഗതി അനുവദിക്കുമെന്ന് പ്രസ്താവന പറഞ്ഞു.
ഇസ്രായിലും ലെബനോനും തമ്മിലുള്ള ബന്ധത്തിന്റെ ഭാവി രണ്ട് പരമാധികാര സര്‍ക്കാരുകളാണ് നിര്‍ണ്ണയിക്കേണ്ടതെന്ന് എല്ലാ കക്ഷികളും സ്ഥിരീകരിച്ചു. ലെബനോന്റെ ഭാവിയെ ബന്ദിയാക്കാനുള്ള ഏതെങ്കിലും രാജ്യമോ സര്‍ക്കാരേതര പങ്കാളിയോ നടത്തുന്ന ഏതൊരു ശ്രമവും നിരാകരിക്കുന്നു. പരസ്പര വിശ്വാസം വളര്‍ത്തിയെടുക്കാനും മറ്റ് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ തുടരാന്‍ ലെബനോനും ഇസ്രായിലും സമ്മതിച്ചതായും സംയുക്ത പ്രസ്താവന സൂചിപ്പിച്ചു. സമഗ്ര കരാറിലെത്തുക എന്ന ലക്ഷ്യത്തോടെ ജൂണ്‍ 22 ന് ആരംഭിക്കുന്ന ആഴ്ചയില്‍ രാഷ്ട്രീയ, സുരക്ഷാ പാതകളില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചതായും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
യു.എസ് ഉദ്യോഗസ്ഥരുടെ ആഭിമുഖ്യത്തില്‍ ലെബനോനും ഇസ്രായിലും തമ്മിലുള്ള നാലാമത്തെ റൗണ്ട് നേരിട്ടുള്ള ചര്‍ച്ചകള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വാഷിംഗ്ടണില്‍ നടന്നു. ഹിസ്ബുല്ല ഈ ചര്‍ച്ചകളെ നിരാകരിക്കുകയും ഇസ്രായില്‍ ആവശ്യപ്പെടുന്നതു പോലെ ആയുധം ഉപേക്ഷിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു.



