തിരുവനന്തപുരം– കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ വിജയിച്ചു. യുഡിഎഫിൽ നിന്ന് ഷാനിമോൾ ഉസ്മാനും എൽഡിഎഫിൽ നിന്ന് മുഹമ്മദ് മുഹ്സിനുമാണ് ഡെപ്യൂട്ടി സ്പീക്കർ പദവിക്കായി മത്സരരംഗത്തുണ്ടായിരുന്നത്. നീണ്ട 35 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരള നിയമസഭയിൽ ഒരു വനിത ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് എത്തുന്നത്. ഈ പദവിയിലെത്തുന്ന നാലാമത്തെ വനിതയാണ് ഷാനിമോൾ ഉസ്മാൻ.
133 അംഗങ്ങളാണ് വോട്ട് ചെയ്തത്. സഭയിലെ മൂന്ന് ബിജെപി എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് പൂർണ്ണമായി വിട്ടുനിന്നു. കൂടാതെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും വോട്ട് രേഖപ്പെടുത്തിയിരുന്നില്ല. എംഎൽഎമാരുടെ കണക്കനുസരിച്ച് എൽഡിഎഫ് സഖ്യത്തിന് ലഭിക്കേണ്ടിയിരുന്ന വോട്ടുകളിൽ ഒന്നിന്റെ കുറവും, യുഡിഎഫ് സഖ്യത്തിന് ലഭിക്കേണ്ടിയിരുന്നതിൽ രണ്ട് വോട്ടിന്റെ കുറവും വോട്ടെടുപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.



