ഗാസ – മധ്യഗാസയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ യാഫ ആശുപത്രിയിലെ അനസ്‌തേഷ്യോളജി വിഭാഗം മേധാവി കൊല്ലപ്പെട്ടു. മധ്യ ഗാസ മുനമ്പിലെ പോലീസ് സ്റ്റേഷന്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഫലസ്തീന്‍ പൗരന്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദെയ്ര്‍ അല്‍ബലഹിന് വടക്കുള്ള പോലീസ് സ്റ്റേഷന്‍ പരിസരം ലക്ഷ്യമിട്ടുണ്ടായ ഇസ്രായിലി വ്യോമാക്രമണത്തില്‍ യാഫ ആശുപത്രിയിലെ അനസ്‌തേഷ്യോളജി വിഭാഗം മേധാവി ജമാല്‍ അബൂഔന്‍ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വ്യക്തമാക്കി.
തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഇസ്രായിലി പീരങ്കികള്‍ ഷെല്ലാക്രമണം നടത്തിയതായി പ്രാദേശിക സ്രോതസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസ നഗരത്തിലും സമാനമായ ആക്രമണങ്ങള്‍ നടന്നു. ഇസ്രായില്‍ സൈന്യം വെടിവെച്ച പീരങ്കി ഷെല്ലുകള്‍ തുറന്ന പ്രദേശങ്ങളിലും ജനവാസ മേഖലകള്‍ക്ക് സമീപവും പതിച്ചു. റഫയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഇസ്രായിലി പീരങ്കികള്‍ ഷെല്ലാക്രമണം നടത്തിയതായും ഫലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പറഞ്ഞു.



