റിയാദ്: പഴയകാല ഗൃഹാതുര ഓർമകളിൽ ലയിച്ച പെരുന്നാൾ രാവും കോഴിക്കോട്ടുകാരുടെ അഹങ്കാരമായ മിഠായിത്തെരുവും പുനരാവിഷ്കരിച്ച് കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോടൻസ്. പെരുന്നാൾ ഒരുക്കങ്ങളും മിഠായിത്തെരുവിലെ തിക്കുംതിരക്കും ഒട്ടും തനിമ ചോരാതെ പുനർസൃഷ്ടിക്കപ്പെട്ടു. മാസപ്പിറവി കണ്ടതായുള്ള റേഡിയോ അറിയിപ്പും തക്ബീർ ചൊല്ലലും പെരുന്നാൾ വസ്ത്രത്തിനായി തയ്യൽക്കടയിലേക്കുള്ള ഓട്ടവും പെരുന്നാൾ ദിനത്തിലേക്കുള്ള ഇറച്ചിയും മറ്റു സാധനങ്ങളും ഒരുക്കലും മൈലാഞ്ചിയിടലും എല്ലാം കൂടി സന്ദർശകർക്ക് നാട്ടിലെത്തിയ പ്രതീതി സൃഷ്ടിച്ചു.
വർഷങ്ങളായി മിഠായിത്തെരുവിലുള്ള പഴയകാല കടകളുടെ പേരുകൾ തന്നെയാണ് പെരുന്നാൾ രാവിലെ കടകൾക്കും നൽകിയത്. ഹലുവ, ചെരുപ്പ്, പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഉള്ള വസ്ത്രങ്ങൾ, ഫാൻസി സാധനങ്ങൾ തുടങ്ങിയവക്കൊക്കെ പ്രത്യേകം കൗണ്ടറുകൾ തയ്യാറാക്കിയിരുന്നു. കൂടാതെ തയ്യൽ കട, തെരുവ് കച്ചവടം, തൈലവില്പനക്കാർ, ഐസ് കച്ചവടം വിവിധ യൂണിയനുകളിൽ പെട്ട വസ്ത്രങ്ങളണിഞ്ഞ ചുമട്ടു തൊഴിലാളികൾ , തെരുവ് ഗായകർ, ഉന്തുവണ്ടി കച്ചവടക്കാർ, ഉപ്പിലിട്ടതും ചായയും കോഴിക്കോടൻ പലഹാരങ്ങളും ലഭിക്കുന്ന തട്ടുകടകൾ, സിനിമാ ടാക്കീസ്, മാർക്കറ്റുകളിൽ സ്വഭാവികമായി ഉണ്ടാകുന്ന തർക്കങ്ങൾ, ക്രമാസമാധാനത്തിന് പോലീസ് തുടങ്ങി അക്ഷരാർത്ഥത്തിൽ മിഠായിത്തെരുവ് ആവിഷ്കരിക്കപ്പെട്ടു. പെരുന്നാൾ രാവിൽ പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും കുട്ടികൾ വർണാഭമാക്കി. അകമ്പടിയായി ഒപ്പനയും ഡാൻസും ഗാനമേളയും അരങ്ങേറി.
പുനരാവിഷ്കരിക്കപ്പെട്ട ‘മിഠായിത്തെരുവ്’ കോഴിക്കോടൻസ് മുതിർന്ന മെമ്പറും ലുഹ ഗ്രൂപ്പ് ചെയർമാനുമായ ബഷീർ പാരഗൺ സന്ദർശകർക്കായി തുറന്നുകൊടുത്തു. ചീഫ് ഓർഗനൈസർ കെസി ഷാജു അധ്യക്ഷനായിരുന്നു. ചടങ്ങിൽ വി കെ കെ അബ്ബാസ്, മൈമൂന ടീച്ചർ, ഫൗണ്ടർ മെമ്പർ മുനീബ് പാഴൂർ, മുൻ ചീഫ് ഓർഗനൈസർമാരായ ഹർഷദ് ഫറോക്ക്, സഹീർ മുഹ്‌യുദ്ധീൻ, റാഫി കൊയിലാണ്ടി, കബീർ നല്ലളം എന്നിവരും ലീഡുമാരായ അനിൽ മാവൂർ, നിഹാദ് അൻവർ, മുഹമ്മദ് ഷാഹിൻ, അബ്ദുൽ റഷീദ് പൂനൂർ, അൻസാർ കൊടുവള്ളി, മുഹമ്മദ് ആഷിഫ്, നിസാം ചെറുവാടി, സിടി സഫറുള്ള എന്നിവരും സന്നിഹിതരായിരുന്നു. ഫൈസൽ പാഴൂർ, മുസ്തഫ നെല്ലിക്കപ്പറമ്പ്, സാദിഖ് കക്കാട്, ദിൽഷാദ് ചെറുവാടി, മുംതാസ് ഷാജു, സജീറ ഹർഷദ്, സുമിത മുഹ്‌യുദ്ധീൻ, ഷാലിമ റാഫി, ഫിജിന കബീർ, ഷെറിൻ റംഷി, നൈന ഷമീജ്, ആമിന ഷാഹിൻ, നിതാശ നിഹാദ്, ശരീഫ ഫൈസൽ, രജനി അനിൽ, ഹാഷിറ അൻസാർ, സൽമ ഫാസിൽ, ഫൗസിയ റഷീദ്, ലുലു സുഹാസ്, ഹസ്‌ന ഷമീം, മാഷിദ മുനീബ്, ഹർഷീന നൗഫൽ, ഫസ്‌ന വാവാട് എന്നിവർ നേതൃതം നൽകി.



