തെഹ്‌റാന്‍ – തെക്കന്‍ ഇറാനില്‍ മൈനുകളും മിസൈല്‍ ലോഞ്ചറുകളും സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ബോട്ടുകളെ ലക്ഷ്യമിട്ട് യു.എസ് സൈന്യം ആക്രമണം നടത്തി. ലാരക് ദ്വീപിന് തെക്ക് ഭാഗത്ത് ബോട്ടുകളെ ലക്ഷ്യമിട്ടാണ് യു.എസ് ആക്രമണം നടത്തിയതെന്നും ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടതായും ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം ബന്ദര്‍ അബ്ബാസ് നഗരത്തിലും ഹോര്‍മുസ് കടലിടുക്കിനടുത്തുള്ള തീരപ്രദേശങ്ങളിലും സ്‌ഫോടനങ്ങള്‍ കേട്ടതായാണ് ഇറാന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ബന്ദര്‍ അബ്ബാസില്‍ മൂന്ന് സ്‌ഫോടനങ്ങള്‍ കേട്ടതായും തസ്‌നീം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബന്ദര്‍ അബ്ബാസിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. ആശങ്കപ്പെടേണ്ട കാര്യമില്ല എന്നും സ്‌ഫോടനങ്ങളുടെ ശബ്ദങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മൂലമാണെന്നും ഏജന്‍സി വ്യക്തമാക്കി. തിങ്കളാഴ്ച പുലര്‍ച്ചെ ഗള്‍ഫ് ഉള്‍ക്കടല്‍ മേഖലയില്‍ ഇറാന്‍ സായുധ സേന ഒരു ശത്രു ഡ്രോണ്‍ വെടിവെച്ചിട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആക്രമണം പതിരോധാത്മകമാണെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വിശേഷിപ്പിച്ചു. ഇറാന്‍ സേന ഉയര്‍ത്തുന്ന ഭീഷണികളില്‍ നിന്ന് നമ്മുടെ സേനയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മില്‍ നിലവിലുള്ള വെടിനിര്‍ത്തല്‍ സമയത്ത് യു.എന്‍ സെന്‍ട്രല്‍ കമാന്‍ഡ് സംയമനം പാലിച്ചുകൊണ്ട് നമ്മുടെ സേനയെ പ്രതിരോധിക്കുന്നത് തുടരുന്നതായി സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് പറഞ്ഞു.



