തെഹ്റാൻ: ഇറാന്റെ സമർപ്പിതരും വിശ്വാസികളുമായ സൈനികർക്ക് മുന്നിൽ ഒരു ഏകാധിപതിക്കും അടിച്ചമർത്തൽ ശക്തികൾക്കും പിടിച്ചുനിൽക്കാനാകില്ലെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മൊഹമ്മദ് ബാഗർ ഗാലിബാഫ്. 1980-88 കാലഘട്ടത്തിലെ ഇറാഖ്-ഇറാൻ യുദ്ധത്തിൽ തന്ത്രപ്രധാനമായ തെക്കൻ നഗരമായ ഖൊറംഷഹർ തിരിച്ചുപിടിച്ചതിന്റെ വാർഷികത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച പുറത്തുവിട്ട സന്ദേശത്തിൽ, 1982 മേയ് 24-ന് നടന്ന ഖൊറംഷഹറിന്റെ മോചനം ഇസ്ലാമിക റിപ്പബ്ലിക്കിന്റെ സ്ഥാപകൻ ഇമാം ഖൊമേനിയുടെ ആശയങ്ങളോട് വിശ്വസ്തത പുലർത്തുന്ന സൈന്യത്തിന്റെ അചഞ്ചലമായ നിശ്ചയദാർഢ്യത്തിന്റെയും ധീരതയുടെയും തെളിവാണെന്ന് ഗാലിബാഫ് ഓർമ്മിപ്പിച്ചു.
അഹ്മദ് കാസെമി, അലി സയ്യാദ് ഷിറാസി തുടങ്ങിയ പ്രമുഖ കമാൻഡർമാർക്ക് സ്പീക്കർ ആദരവർപ്പിച്ചു. അസാധ്യമായതിനെ യാഥാർത്ഥ്യമാക്കി മാറ്റിയവരാണ് അവരെന്നും; ദൃഢമായ വിശ്വാസം, കൃത്യമായ ആസൂത്രണം, ധീരത, ദൈവത്തിലുള്ള അർപ്പണം എന്നിവ വിജയത്തിലേക്ക് നയിക്കുമെന്ന് അവർ ലോകത്തെ പഠിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻകാല കമാൻഡർമാരുടെ പാത പിന്തുടർന്ന് രാജ്യത്തിന്റെ കാവലാളുകളായി നിലകൊള്ളുന്ന ഇന്നത്തെ ഇറാനിയൻ സൈനിക ശക്തിയെയും അദ്ദേഹം പ്രശംസിച്ചു.
1982-ൽ ഇറാഖിലെ ബാത്ത് ഭരണകൂടത്തിന്റെ സൈന്യത്തോട് ശക്തമായി പോരാടിയാണ് ഖുസെസ്താൻ പ്രവിശ്യയിൽ ഉൾപ്പെടുന്ന ഖൊറംഷഹർ നഗരം ഇറാനിയൻ സായുധ സേന തിരിച്ചുപിടിച്ചത്. ഇറാൻ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ സൈനിക വിജയങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.



