കുവൈത്ത് സിറ്റി – കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറബ്, വിദേശ വിമാന കമ്പനികളുടെ സര്‍വീസുകള്‍ അടുത്ത മാസാദ്യം പരീക്ഷണാടിസ്ഥാനത്തില്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിലെ സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികളും വികസന പ്രവര്‍ത്തനങ്ങളും സംവിധാനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നവീകരണവും പൂര്‍ത്തിയായിട്ടുണ്ട്. മാര്‍ച്ച് അവസാനത്തിലും ഏപ്രില്‍ ആദ്യത്തിലും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവൾക്ക് നേരെ പലതവണ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതിനെ തുടർന്ന് റഡാര്‍ സംവിധാനത്തിന് സാരമായ കേടുപാടുകള്‍ വരുത്തുകയും വിമാന ഇന്ധന വിതരണ കമ്പനിയുടെ ഇന്ധന ഡിപ്പോകളില്‍ അഗ്നിബാധയുണ്ടാക്കുകയും ചെയ്തതിനാല്‍ മുന്‍കരുതല്‍ നടപടിയായി കുവൈത്ത് അധികൃതര്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയായിരുന്നു.
വ്യോമഗതാഗതത്തിന്റെ സുഗമമായ ഒഴുക്കും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്ന പവര്‍ത്തന പദ്ധതി പ്രകാരം, പടിപടിയായാണ് പവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയെന്ന് പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ചെയര്‍മാന്‍ ശൈഖ് ഹമൂദ് അല്‍സ്വബാഹ് പറഞ്ഞു. വിമാനത്താവളം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകുന്നതുവരെ അംഗീകൃത പദ്ധതികള്‍ക്കനുസരിച്ച് പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രവര്‍ത്തന ഘട്ടങ്ങള്‍ തുടര്‍ച്ചയായി വിലയിരുത്തും.
ടെര്‍മിനല്‍ ഒന്നിന് പുതിയൊരു രൂപം നല്‍കാനും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി യാത്രക്കാരുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാനും ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്താന്‍ പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രതിജ്ഞാബദ്ധമാണ്. കുവൈത്ത് വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്‍ ആക്രമണങ്ങളില്‍ പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ നടത്തിയ പരിഷ്‌കരണം, വികസനം, ആധുനികവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയിയിലും വിദേശ കമ്പനികള്‍ക്ക് ടെര്‍മിനല്‍ വഴി വീണ്ടും പ്രവര്‍ത്തിക്കാനുള്ള നിര്‍ദ്ദിഷ്ട പദ്ധതിയിലും ശൈഖ് ഹമൂദ് അല്‍സ്വബാഹ് അഭിമാനം പ്രകടിപ്പിച്ചു. ഈ വര്‍ഷത്തെ ഹജ് വിമാന സര്‍വീസ് പദ്ധതിയും അദ്ദേഹം അവലോകനം ചെയ്തു.
പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് അല്‍അബ്ദുല്ല അല്‍അഹ്‌മദ് അല്‍സ്വബാഹ് ഇന്നലെ ടെര്‍മിനല്‍ 1 സന്ദര്‍ശിച്ചു. പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അല്‍സാലിം അല്‍സ്വബാഹ്, ശൈഖ് ഹമൂദ് എന്നിവരും ഉണ്ടായിരുന്നു. ഇറാന്‍ ആക്രമണത്തിനുശേഷം പൂര്‍ത്തിയായ അറ്റകുറ്റപ്പണികളെയും ആധുനികവല്‍ക്കരണത്തെയും കുറിച്ച് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്കു മുന്നില്‍ വിശദീകരിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പ്രവര്‍ത്തന പദ്ധതികള്‍, വ്യത്യസ്ത വകുപ്പുകള്‍ തമ്മിലെ ഏകോപന സംവിധാനങ്ങള്‍, യാത്രക്കാരുടെയും വ്യോമഗതാഗതത്തിന്റെയും സുഗമമായ ചലനം ഉറപ്പാക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ എന്നിവ അവലോകനം ചെയ്തു. റെക്കോര്‍ഡ് സമയത്ത് ടെര്‍മിനല്‍ പുനരധിവസിപ്പിച്ചതിന് കുവൈത്ത് ജീവനക്കാരെ പ്രധാനമന്ത്രി പ്രശംസിച്ചു. ടെര്‍മിനല്‍ 1 വീണ്ടും തുറക്കുന്നത് ഈ സുപ്രധാന സൗകര്യം പൂര്‍ണ്ണ ശേഷിയിലേക്ക് പുനഃസ്ഥാപിക്കാനുള്ള പ്രധാന ചുവടുവെപ്പാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.



