മക്ക – ഹജ് സീസണില്‍ തീര്‍ഥാടകര്‍ക്ക് സേവനം നല്‍കാന്‍ സൗദി റെഡ് ക്രസന്റ് അതോറിറ്റി പതിനൊന്ന് എയര്‍ ആംബുലന്‍സുകള്‍ ഒരുക്കി. മെഡിക്കല്‍ എമര്‍ജന്‍സി സംവിധാനത്തിന്റെ പ്രധാന ഘടകമായി എയര്‍ ആംബുലന്‍സ് സേവനം സജീവമാക്കി ഹജ് സീസണില്‍ സൗദി റെഡ് ക്രസന്റ് അതോറിറ്റി പ്രവര്‍ത്തന സന്നദ്ധത വര്‍ധിപ്പിക്കുന്നത് തുടരുകയണ്. മക്കയിലും പുണ്യസ്ഥലങ്ങളിലും തീര്‍ഥാടകര്‍ക്കിടയില്‍ ഗുരുതരമായ കേസുകളില്‍ വേഗത്തിലും ഫലപ്രദവുമായ പ്രതികരണം നല്‍കുക എന്നതാണ് ലക്ഷ്യം.
ഏറ്റവും പുതിയ മെഡിക്കല്‍ സാങ്കേതികവിദ്യ അടങ്ങിയ 11 എയര്‍ ആംബുലന്‍സുകള്‍ മക്കയില്‍ വിന്യസിച്ചിട്ടുണ്ടെന്ന് അതോറിറ്റി വിശദീകരിച്ചു. മക്കയിലും പുണ്യസ്ഥലങ്ങളിലും ഉടനീളം വ്യാപിച്ചുകിടക്കുന്ന ഏഴ് ഹെലിപാഡുകളുടെ ശൃംഖല ഈ വിമാനങ്ങളെ പിന്തുണക്കുന്നു. എമര്‍ജന്‍സി കേസുകളില്‍ വേഗത്തില്‍ ഇടപെടാനും രോഗികളെ കാര്യക്ഷമമായി ആശുപത്രികളിലെത്തിക്കുന്നത് ഉറപ്പാക്കാനും ഇത് സഹായിക്കും.
മക്കയിലും പുണ്യസ്ഥലങ്ങളിലും എയര്‍ ആംബുലന്‍സ് സേവനം ലഭിക്കും. രോഗികളെ ആശുപത്രിയിലേക്ക് നീക്കുന്നത് സുഗമമാക്കാനും ദ്രുത പ്രതികരണത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലും ആശുപത്രികളുടെ പരിസരത്തും ഗുരുതരമായ കേസുകളില്‍ ആംബുലന്‍സ് ടീമുകളെ വേഗത്തില്‍ എത്തിച്ചേരാനുമാണ് ഹെലിപാഡുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.
രോഗികളെയും പരിക്കേറ്റവരെയും വേഗത്തില്‍ ആശുപത്രികളില്‍ എത്തിക്കുന്നതിലൂടെയും ആശുപത്രികള്‍ക്കിടയില്‍ രോഗികളെ നീക്കം ചെയ്യുന്നതിലൂടെയും സീസണല്‍ ആംബുലന്‍സ് സേവനങ്ങളെ പിന്തുണക്കുന്നതില്‍ എയര്‍ ആംബുലന്‍സുകള്‍ സഹായിക്കും. ഉയര്‍ന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലേക്കും എമര്‍ജന്‍സി സാഹചര്യങ്ങളിലേക്കും എയര്‍ ആംബുലന്‍സുകള്‍ പ്രത്യേക മെഡിക്കല്‍ ടീമുകളെ ഉൾപ്പെടുത്തും. ഇത് തീര്‍ഥാടകര്‍ക്ക് നല്‍കുന്ന എമര്‍ജന്‍സി പരിചരണത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതായും അതോറിറ്റി വ്യക്തമാക്കി.
ഇത്തവണത്തെ ഹജ് സീസണിന്റെ ആരംഭം മുതല്‍ ദുല്‍ഹജ് മൂന്നാം തീയതി വരെ ആരോഗ്യ മേഖലാ പരിവര്‍ത്തന പ്രോഗ്രാമിന്റെയും പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാമിന്റെയും ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ആരോഗ്യ മേഖല തീര്‍ഥാടകര്‍ക്ക് 1,82,700 ലേറെ ആരോഗ്യ സേവനങ്ങള്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇക്കാലയളവില്‍ 32,772 തീര്‍ഥാടകര്‍ ഹെല്‍ത്ത് സെന്ററുകളുടെയും എമര്‍ജന്‍സി കെയര്‍ സര്‍വീസുളുടെയും സേവനം പ്രയോജനപ്പെടുത്തി. എമര്‍ജന്‍സി വിഭാഗങ്ങളില്‍ 20,825 തീര്‍ഥാടകര്‍ എത്തി. ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളില്‍ 2,868 ഹാജിമാരെ സ്വീകരിച്ചു. 2,887 തീര്‍ഥാടകരെ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തു. വിദേശങ്ങളില്‍ നിന്ന് എത്തിയ 190 ഹാജിമാര്‍ക്ക് ശസ്ത്രക്രിയകള്‍ നടത്തി. അതില്‍ 135 കാര്‍ഡിയാക് കത്തീറ്ററൈസേഷനുകളും 7 ഓപ്പണ്‍-ഹാര്‍ട്ട് സര്‍ജറികളും ഉള്‍പ്പെടുന്നു. കടുത്ത ചൂട് മൂലമുള്ള ക്ഷീണവും സൂര്യാഘാതവും നേരിട്ട 12 തീര്‍ഥാടകര്‍ക്ക് മെഡിക്കല്‍ ടീമുകള്‍ ചികിത്സ നല്‍കി. ആരോഗ്യ മന്ത്രാലയത്തിന്റെ ഏകീകൃത കോള്‍ സെന്റര്‍ (937) സേവനം 12,627 പേര്‍ പ്രയോജനപ്പെടുത്തിയതായും ആരോഗ്യ മന്ത്രാലയത്തിന്റെ ഡാറ്റ കാണിക്കുന്നു.



