ന്യൂയോർക്ക്- ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്താനുള്ള ഇറാന്റെ നീക്കത്തിനെതിരെ യു.എ.ഇ രംഗത്തെത്തി. അന്താരാഷ്ട്ര കപ്പൽ ഗതാഗത ഇടനാഴികളെ ഇത്തരം പിടിച്ചുപറികൾക്ക് വിട്ടുകൊടുക്കില്ലെന്ന് യു.എ.ഇ വ്യക്തമാക്കി. ഹോർമുസിൽ ഇറാൻ മൈനുകൾ സ്ഥാപിക്കുന്നതായും കപ്പലുകളിൽ നിന്ന് നിയമവിരുദ്ധമായി പണം ഈടാക്കുന്നതായും ഐക്യരാഷ്ട്രസഭയിലെ യു.എ.ഇയുടെ സ്ഥിരം പ്രതിനിധി മുഹമ്മദ് അബൂഷഹാബ് ആരോപിച്ചു. ന്യൂയോർക്കിൽ നടന്ന മാധ്യമസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദ്രഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കാൻ അറബ് രാജ്യങ്ങളും അമേരിക്കയും ചേർന്ന് ഐക്യരാഷ്ട്രസഭയിൽ പുതിയ നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ ഇടപെടലുകൾ ആഗോള ഭക്ഷ്യസുരക്ഷയെയും സമ്പദ്‌വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്ന് യു.എ.ഇ ചൂണ്ടിക്കാട്ടി. കടലിടുക്കിൽ നിന്ന് മൈനുകൾ നീക്കം ചെയ്യണമെന്നും കപ്പലുകൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്ന സംയുക്ത കരട് പ്രമേയം യു.എൻ രക്ഷാസമിതിയിൽ അവതരിപ്പിക്കും. വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾക്കിടയിലും ഭക്ഷ്യവസ്തുക്കളും വളങ്ങളും എത്തിക്കുന്നതിനായി ഒരു മാനുഷിക ഇടനാഴി സ്ഥാപിക്കുന്നതിനെ ഈ പ്രമേയം പിന്തുണയ്ക്കുന്നുണ്ട്. അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കണമെന്നും ജലപാതകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഹമ്മദ് അബൂഷഹാബ് ആവശ്യപ്പെട്ടു.
അറബ് രാജ്യങ്ങൾക്കിടയിൽ ഈ വിഷയത്തിൽ ശക്തമായ ഐക്യമാണ് ദൃശ്യമാകുന്നത്. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നത് ആഗോള ഊർജ്ജ വിപണിക്കും വിതരണ ശൃംഖലയ്ക്കും വലിയ തിരിച്ചടിയാകുമെന്ന് ബഹ്‌റൈൻ, ഖത്തർ പ്രതിനിധികൾ മുന്നറിയിപ്പ് നൽകി. മേഖലയിൽ എത്രയും വേഗം വെടിനിർത്തൽ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണെന്ന് ഖത്തർ പ്രതിനിധി ആലിയ അഹ്‌മദ് ബിൻ സെയ്ഫ് അൽഥാനി പറഞ്ഞു. കടലിടുക്ക് സുരക്ഷിതമായി നിലനിർത്താൻ അംഗരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ബഹ്‌റൈൻ പ്രതിനിധി ജമാൽ ഫാരിസ് അൽറുവൈഅ് വ്യക്തമാക്കി.
ഇറാൻ്റെ നടപടികൾ അന്താരാഷ്ട്ര പ്രമേയങ്ങളുടെ ലംഘനമാണെന്ന് യു.എസ് പ്രതിനിധി മൈക്ക് വാൾട്ട്‌സ് പറഞ്ഞു. യു.എസ്-ഇസ്രായേൽ യുദ്ധത്തിന് മറുപടിയായി ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ നടപടിയെ അപലപിക്കുന്ന പ്രമേയം അവതരിപ്പിക്കാനാണ് അമേരിക്കയുടെ തീരുമാനം. നേരത്തെ സമാനമായ പ്രമേയം രക്ഷാസമിതിയിൽ അവതരിപ്പിച്ചപ്പോൾ റഷ്യയും ചൈനയും വീറ്റോ അധികാരം ഉപയോഗിച്ച് തടഞ്ഞിരുന്നു. എങ്കിലും സമുദ്രയാത്രാ സ്വാതന്ത്ര്യം വീണ്ടെടുക്കാനായി ഗൾഫ് രാജ്യങ്ങളുമായി ചേർന്ന് ഈ ആഴ്ചയും ചർച്ചകൾ തുടരുമെന്ന് അമേരിക്ക അറിയിച്ചു. ആഗോള വ്യാപാരത്തിന് ഭീഷണിയാകുന്ന ടോൾ പിരിവും മൈൻ നിക്ഷേപവും ഇറാൻ അവസാനിപ്പിക്കണമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം.



