അബുദാബി: പ്രിക്സ് വെർസൈൽസ് 2026 ലെ ലോകത്തിലെ ഏറ്റവും മനോഹരമായ മ്യൂസിയങ്ങളിൽ ഒന്നായി അബുദാബിയിലെ സായിദ് നാഷണൽ മ്യൂസിയം ഇടം നേടി. ലോകമെമ്പാടുമുള്ള ഏഴ് മ്യൂസിയങ്ങളിൽ ഒന്നായാണ് സായിദ് നാഷണൽ മ്യൂസിയം അംഗീകാരം നേടിയത്. ഈ പട്ടികയിൽ ഇടം നേടുന്ന മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഏക മ്യൂസിയവും ഇത് തന്നെ. പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് വർഷം തോറും അവതരിപ്പിക്കപ്പെടുന്ന പ്രിക്സ് വെർസൈൽസ്, മ്യൂസിയങ്ങൾ, വിമാനത്താവളങ്ങൾ, ഹോട്ടലുകൾ, കാമ്പസുകൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ മികച്ച വാസ്തുവിദ്യയും രൂപകൽപ്പനയും തെരഞ്ഞെടുക്കുന്നത്.
അബുദാബിയിലെ സാദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയം മേഖലയിലെ ഏറ്റവും വലിയ കലാ-പൈതൃക കേന്ദ്രങ്ങളിലൊന്നാണ്. എമിറേറ്റിന്റെ വളരുന്ന സാംസ്കാരിക അഭിലാഷങ്ങൾക്ക് ഈ അംഗീകാരം മറ്റൊരു പ്രധാന പ്രോത്സാഹനമാണ്.
ഫോസ്റ്റർ + പാർട്ണർസിലെ പ്രിറ്റ്‌സ്‌കർ സമ്മാന ജേതാവായ ബ്രിട്ടീഷ് ആർക്കിടെക്റ്റ് നോർമൻ ഫോസ്റ്റർ രൂപകൽപ്പന ചെയ്ത ഈ മ്യൂസിയം,കഴിഞ്ഞ ഡിസംബറിലാണ് തുറന്നത്. പറക്കുന്ന ഒരു ഫാൽക്കണിന്റെ ചിറകുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിൻ്റെ നിർമ്മിതി. ആറ് സ്ഥിരം ഗാലറികൾ, ഒരു താത്കാലിക പ്രദർശനസ്ഥലം, ഔട്ട്‌ഡോർ ഗാലറി എന്നിവിടങ്ങളിലായി 3000-ലേറെ പുരാവസ്തുക്കളും മ്യൂസിയത്തിലുണ്ട്.



