ജിദ്ദ- ഈ വർഷത്തെ ആദ്യ മൂന്ന് മാസത്തെ കണക്കുകൾ പുറത്തുവന്നപ്പോൾ സൗദി അറേബ്യയുടെ ബജറ്റിൽ 126 ബില്യൺ റിയാലിന്റെ കമ്മി രേഖപ്പെടുത്തിയതായി ധനമന്ത്രാലയം അറിയിച്ചു. ഒന്നാം പാദത്തിൽ ആകെ വരുമാനം 261 ബില്യൺ റിയാലാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് വരുമാനത്തിൽ ഒരു ശതമാനത്തിന്റെ കുറവുണ്ടായി. അതേസമയം, പൊതുചെലവ് 20 ശതമാനം വർധിച്ച് 387 ബില്യൺ റിയാലിലെത്തി. വരുമാനത്തിന്റെ 55.45 ശതമാനം (145 ബില്യൺ റിയാൽ) എണ്ണ മേഖലയിൽ നിന്നും 44.55 ശതമാനം (116 ബില്യൺ റിയാൽ) എണ്ണയിതര മേഖലയിൽ നിന്നുമാണ് ലഭിച്ചത്.
രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും ആരോഗ്യ മേഖലയ്ക്കും സർക്കാർ വലിയ മുൻഗണന നൽകുന്നുണ്ട്. ആഗോള ലോജിസ്റ്റിക് ഹബ്ബായി മാറുന്നതിന്റെ ഭാഗമായി ഗതാഗത മേഖലയിലെ ചെലവ് 26 ശതമാനം വർധിച്ച് 12 ബില്യൺ റിയാലിലെത്തി. ആരോഗ്യ, സാമൂഹിക വികസന മേഖലകൾക്കായി 81 ബില്യൺ റിയാലാണ് ചിലവഴിച്ചത്, ഇത് മുൻ വർഷത്തേക്കാൾ 12 ശതമാനം കൂടുതലാണ്. സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്ക് (GDP) 2025-ൽ 4.5 ശതമാനമായിരുന്നു, ഇത് 2026-ൽ 4.6 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി അവസാനത്തെ കണക്കനുസരിച്ച് രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം 1.786 ട്രില്യൺ റിയാലാണ്.
തൊഴിൽ വിപണിയിലും വിപണന മേഖലയിലും ശുഭസൂചനകളാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2025-ന്റെ അവസാന പാദത്തിൽ 1.39 ലക്ഷത്തിലധികം സൗദികൾ പുതുതായി ജോലിയിൽ പ്രവേശിച്ചതോടെ സ്വകാര്യ മേഖലയിലെ ആകെ സ്വദേശി ജീവനക്കാരുടെ എണ്ണം 25 ലക്ഷമായി ഉയർന്നു. ആദ്യപാദത്തിലെ വിൽപനക്കണക്കുകൾ (Point-of-Sale) 189.7 ബില്യൺ റിയാലിലെത്തി. ഇതിനിടെ റിയൽ എസ്റ്റേറ്റ് വില സൂചികയിൽ 1.6 ശതമാനത്തിന്റെ കുറവുണ്ടായതായും ധനമന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.



