തെല്‍അവീവ് – തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഇതോടെ ഏപ്രില്‍ 17 ന് ഹിസ്ബുല്ലയുമായുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷം ലെബനോനില്‍ കൊല്ലപ്പെട്ട ഇസ്രായിലി സൈനികരുടെ എണ്ണം നാലായി. 19 വയസ്സുള്ള ഒരു സര്‍ജന്റ് തെക്കന്‍ ലെബനോനില്‍ നടന്ന പോരാട്ടത്തില്‍ കൊല്ലപ്പെട്ടു എന്ന് സൈനിക പ്രസ്താവന പറഞ്ഞു. സംഭവത്തില്‍ മറ്റൊരു സൈനികന് പരിക്കേറ്റു. മാര്‍ച്ച് 2 ന് ഹിസ്ബുല്ലയുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം കൊല്ലപ്പെട്ട മൊത്തം ഇസ്രായിലി സൈനികരുടെ എണ്ണം ഇതോടെ 17 ആയി ഉയര്‍ന്നതായി സൈനിക ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള എ.എഫ്.പി കണക്കുകള്‍ പറയുന്നു. സൈന്യത്തില്‍ ജോലി ചെയ്യുന്ന ഒരു ഇസ്രായിലി സിവിലിയനും കൊല്ലപ്പെട്ടു.
ഏപ്രില്‍ 17 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം, തെക്കന്‍ ലെബനോനിലെ ഇസ്രായില്‍ സേനയെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുകയോ വടക്കന്‍ ഇസ്രായിലിലേക്ക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കുകയോ ചെയ്തതായി ഹിസ്ബുല്ല ആവര്‍ത്തിച്ച് അറിയിച്ചു. ലെബനോനിലെ ഇസ്രായില്‍ ആക്രമണങ്ങള്‍, ബോംബാക്രമണങ്ങള്‍, കെട്ടിടങ്ങള്‍ തകര്‍ക്കല്‍ എന്നിവക്കുള്ള തിരിച്ചടിയാണിതെന്ന് ഹിസ്ബുല്ല വ്യക്തമാക്കി.



