മക്ക – കടുത്ത ചൂടില്‍ നിന്ന് ഹാജിമാര്‍ക്ക് സംരക്ഷണം നല്‍കാനും മികച്ച അന്തരീക്ഷം ഒരുക്കാനും തീര്‍ഥാടകരുടെ അനുഭവം മെച്ചപ്പെടുത്താനുമുള്ള തുടര്‍ച്ചയായ തന്ത്രത്തിന്റെ ഭാഗമായി ജംറ കോംപ്ലക്‌സിന്റെ പടിഞ്ഞാറന്‍ മുറ്റത്തെ മിസ്റ്റിംഗ് ഫാന്‍ സംവിധാനം മക്ക റോയല്‍ കമ്മീഷനു കീഴിലെ കിദാന ഡെവലപ്മെന്റ് കമ്പനി നവീകരിച്ചു. പരമ്പരാഗത മിസ്റ്റിംഗ് സംവിധാനം ആധുനികവും നൂതനവുമായ മിസ്റ്റിംഗ് ഫാനുകള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്ന ജോലികള്‍ കമ്പനി പൂര്‍ത്തിയാക്കി. കഴിഞ്ഞ വര്‍ഷത്തെ ഹജ് സീസണില്‍ നടപ്പാക്കിയ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 200 മിസ്റ്റിംഗ് ഫാനുകളും അവയുടെ തൂണുകളും മാറ്റിസ്ഥാപിച്ചു. ഈ വര്‍ഷത്തെ ഹജ് സീസണിനു മുന്നോടിയായി 200 ഫാനുകളും അവയുടെ തൂണുകളും കൂടി മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ഇത് ശീതീരണ കാര്യക്ഷമത ഗണ്യമായി വര്‍ധിപ്പിക്കുകയും പ്രദേശത്തെ വായു വിതരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കല്ലെറിയല്‍ ചടങ്ങ് നടത്താന്‍ പോകുന്ന ഏകദേശം 1,80,000 തീര്‍ഥാടകര്‍ക്ക് മണിക്കൂറില്‍ സുഖകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന നിലക്ക് തീര്‍ഥാടകര്‍ക്ക് ചുറ്റുമുള്ള വായു തണുപ്പിക്കാനുള്ള മികച്ച കഴിവ് പുതിയ സാങ്കേതികവിദ്യക്കുണ്ട്.
സൗദി ഭരണാധികാരികളുടെ അഭിലാഷങ്ങള്‍ക്കും തീര്‍ഥാടകരുടെ അനുഭവം സമ്പന്നമാക്കാനും ഹജ് യാത്ര കൂടുതല്‍ സുഖകരവും ആശ്വാസകരവുമാക്കാനുമുള്ള സൗദി വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്കും അനുസൃതമായി, നൂതന സംവിധാനങ്ങളിലേക്കുള്ള ഈ മാറ്റം, തീര്‍ഥാടകരുടെ സുഖവും സുരക്ഷയും ഉറപ്പാക്കുന്ന മികച്ച സാങ്കേതിക പരിഹാരങ്ങള്‍ നടപ്പാക്കാനും പുണ്യസ്ഥലങ്ങളിലെ ലോജിസ്റ്റിക്കല്‍, ഫീല്‍ഡ് സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കാനുമുള്ള കിദാനയുടെ പ്രതിബദ്ധത സ്ഥിരീകരിക്കുന്നു.



