മൂവാറ്റുപുഴ- മുസ്‍ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കാൻ ശ്രമിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു. ഉറവകുഴി സ്വദേശിയായ കെ.ഇ. നൗഷാദിനെതിരെയാണ് മൂവാറ്റുപുഴ പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം ആർ.എസ്.എസ് യൂണിഫോമിൽ എഡിറ്റ് ചെയ്ത് സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ഇയാൾ ചെയ്തത്.
മതസ്പർധ വളർത്തുന്ന രീതിയിൽ വ്യാജ ചിത്രം നിർമ്മിച്ചതിനും ജനങ്ങൾക്കിടയിൽ ചേരിതിരിവും ലഹളയും ഉണ്ടാക്കാൻ ശ്രമിച്ചതിനുമാണ് ഇയാൾക്കെതിരെ നടപടിയെടുത്തതെന്ന് പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. മുളവൂർ സ്വദേശിയായ മുഹമ്മദ് ഇയാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് ഫയൽ ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.



