കണ്ണൂർ – തൊഴിൽ തർക്കത്തെത്തുടർന്ന് സഹപ്രവർത്തകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ അന്യസംസ്ഥാന തൊഴിലാളിക്ക് ജീവപര്യന്തം തടവും പിഴയും. പശ്ചിമ ബംഗാൾ സ്വദേശിയുമായ രത്തൻ മണ്ഡൽ(49)നെയാണ് തലശേരി അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ 3 മാസം അധികതടവ് അനുഭവിക്കണം. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്‌ജ് എ.വി.മൃദുലയാണ് ശിക്ഷ വിധിച്ചത്. 2012 ഡിസംബർ 3 നാണ് കേസിനാസ്‌പദമായ സംഭവം. തളിപ്പറമ്പ് തൃച്ഛംബരം ജീവൻ പ്രകാശ് ഓഡിറ്റോറിയത്തിന് സമീപം പണി നടന്നു കൊണ്ടിരിക്കുകയായിരുന്ന റസിഡൻഷ്യൽ ഫ്ളാറ്റിൽ കോൺക്രീറ്റ് സെൻട്രിംഗ് ജോലിക്കായി എത്തിയ പശ്ചിമ ബംഗാൾ സൗത്ത് 24 ഫർഗാന സ്വദേശിയായ സുബ്രതോ മണ്ഡൽ(30)നെയാണ് രത്തൻ മണ്ഡൽ കൊലപ്പെടുത്തിയത്.
സഹതൊഴിലാളികൾ ജോലി കഴിഞ്ഞ് പോയ തക്കം നോക്കി വൈകിട്ട് 6.15 ഓടെ കൈയ്യിൽ കരുതിയ സ്റ്റീൽ ബ്ലേഡ് കൊണ്ട് സുബ്രതോമണ്ഡലിന്റെ കഴുത്തിന് മുൻവശം കുറുകെ മുറിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. തൊഴിൽ തർക്കമാണ് കൊലയ്ക്ക് കാരണമായത്.
തളിപ്പറമ്പ് എ.എസ്.ഐ ആയിരുന്ന പ്രേമരാജൻ റജിസ്റ്റർ ചെയ്‌തകേസിൽ ഇൻക്വസ്റ്റ് നടത്തിയത് തളിപ്പറമ്പ് എസ്.ഐയായിരുന്ന അനിൽകുമാറാണ്. അന്നത്തെ സി.ഐ എ.വി ജോൺ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധി. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. ജയറാംദാസ് ഹാജരായി.