ജിദ്ദ– പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങൾ ഊർജിതമാക്കി സൗദി അറേബ്യ. സൗദി വിദേശമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ഇറാൻ വിദേശമന്ത്രി അബ്ബാസ് അറാഖ്ജിയും ഫോണിലൂടെ ചർച്ച നടത്തി. ഇറാൻ വിദേശമന്ത്രിയാണ് സൗദി വിദേശമന്ത്രിയെ ബന്ധപ്പെട്ടത്. മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും സംഘർഷം കുറയ്ക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളും ഇരുവരും വിശകലനം ചെയ്തു. ഇതിന് പുറമെ, ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽഥാനി, ബഹ്‌റൈൻ വിദേശമന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനി എന്നിവരും സൗദി വിദേശമന്ത്രിയുമായി ആശയവിനിമയം നടത്തി. മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ രാജ്യങ്ങൾ തമ്മിലുള്ള ഏകോപനം തുടരാൻ ചർച്ചയിൽ തീരുമാനമായി. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ച് ഇറാൻ വിദേശമന്ത്രി ഒമാൻ വിദേശമന്ത്രി ബദർ അൽ ബൂസഈദിയുമായും കൂടിക്കാഴ്ച നടത്തി. തീരദേശ രാഷ്ട്രങ്ങൾ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ ചർച്ചയിൽ പ്രധാന വിഷയമായി.