കീവ്– സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ എന്നീ ഗള്‍ഫ് രാജ്യങ്ങളുമായി ചേര്‍ന്ന് ചെലവ് കുറഞ്ഞ ഡ്രോണുകള്‍ ഉക്രെയ്ന്‍ നിര്‍മിക്കുമെന്ന് ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. അടുത്തിടെ താന്‍ നടത്തിയ സന്ദര്‍ശനത്തിനിടെ ഈ മൂന്നു രാജ്യങ്ങളുമായും ഡ്രോണ്‍ ഇടപാടുകള്‍ ഉള്‍പ്പെടുന്ന മൂന്ന് പ്രധാന സുരക്ഷാ കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഈ കരാറുകള്‍ ഉക്രെയ്നിലെ പൊതു, സ്വകാര്യ മേഖലകളുമായുള്ള ഒന്നിലധികം കരാറുകളായി മാറും. വിവിധ ആയുധ സംവിധാനങ്ങളെ ഒരൊറ്റ ചട്ടക്കൂടിലേക്ക് സംയോജിപ്പിക്കാനുള്ള പരിശീലന ദൗത്യങ്ങളും നൂതന സോഫ്റ്റ്വെയറും സഹിതം സൈനിക വൈദഗ്ധ്യം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നല്‍കാന്‍ ഉക്രെയ്ന്‍ തയ്യാറാണ്. ഗള്‍ഫ് രാജ്യങ്ങളുമായി ചേര്‍ന്ന് സംയുക്ത ഡ്രോണ്‍ ഉല്‍പ്പാദന യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ സാധ്യതയുണ്ട്. ചില ഡ്രോണുകളുടെ വില 80,000 ഡോളര്‍ മുതല്‍ 1,30,000 ഡോളര്‍ വരെയാണ്. ഇവ വിലകുറഞ്ഞ ഇന്റര്‍സെപ്ഷന്‍ രീതികളാണ്. പ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ഭൂപ്രദേശങ്ങള്‍ സംരക്ഷിക്കാനും ഗള്‍ഫ് രാജ്യങ്ങളെ പ്രാപ്തമാക്കുക എന്നതാണ് ഈ പങ്കാളിത്തങ്ങളുടെ ലക്ഷ്യമെന്ന് സെലെന്‍സ്‌കി പറഞ്ഞു.
മാര്‍ച്ച് 27 ന്, സൗദി പ്രതിരോധ മന്ത്രാലയവും ഉക്രേനിയന്‍ പ്രതിരോധ മന്ത്രാലയവും ജിദ്ദയില്‍ വെച്ച് പ്രതിരോധ സഹകരണ ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നു. സൈനിക, സാങ്കേതിക മേഖലകളിലെ ഭാവി പങ്കാളിത്തങ്ങള്‍ക്ക് ഇത് അടിത്തറയിടുന്നു. സെലെന്‍സ്‌കി ജിദ്ദ സന്ദര്‍ശിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് കരാര്‍ ഒപ്പുവെച്ചത്.
സൗദി അറേബ്യയുമായുള്ള കരാര്‍ സാങ്കേതിക കൈമാറ്റവും പ്രതിരോധ നിക്ഷേപങ്ങളും ഉള്‍ക്കൊള്ളുന്ന വിശാലമായ സഹകരണത്തിനുള്ള അടിത്തറയായി വര്‍ത്തിക്കുന്നതായി ഉക്രേനിയന്‍ പ്രസിഡന്റ് വ്യക്തമാക്കി. ഒരു സുരക്ഷാ പങ്കാളിയെന്ന നിലയില്‍ അന്താരാഷ്ട്ര പങ്ക് ശക്തിപ്പെടുത്താന്‍ ഉക്രെയ്ന്‍ ശ്രമിക്കുന്നതായി സെലെന്‍സ്‌കി പ്രസ്താവിച്ചു.
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളുമായും ബന്ധപ്പെട്ട ഭീഷണികളെ നേരിടുന്നതില്‍ സൗദി അറേബ്യയുമായി വൈദഗ്ധ്യം പങ്കിടാന്‍ ഉക്രെയ്ന്‍ തയ്യാറാണ്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളുമായും ബന്ധപ്പെട്ട ഭീഷണികളെ നേരിടുന്ന മേഖലയില്‍ ഉക്രെയ്നിന് വര്‍ഷങ്ങളുടെ പരിചയസമ്പത്തുണ്ട്. സൗദി അറേബ്യയും ഉക്രെയ്‌നും തമ്മിലുള്ള സഹകരണം പരസ്പരം പ്രയോജനകരമാണ്. ഇത് സുരക്ഷാ വെല്ലുവിളികളെ നേരിടാനുള്ള ഇരു രാജ്യങ്ങളുടെയും സുസജ്ജത വര്‍ധിപ്പിക്കും. നൂതനവും ഫലപ്രദവുമായ പ്രതിരോധ സംവിധാനങ്ങള്‍ സൗദി അറേബ്യക്കുണ്ട്. ഈ പരിചയസമ്പത്ത് അമേരിക്കയുമായി പങ്കിടാനും മറ്റ് രാജ്യങ്ങളെയും ഉള്‍പ്പെടുത്തി ഈ പങ്കാളിത്തങ്ങള്‍ വികസിപ്പിക്കാനും ഉക്രെയ്ന്‍ ആഗ്രഹിക്കുന്നതായും സെലെന്‍സ്‌കി വ്യക്തമാക്കി.



