തെൽഅവീവ് – ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നീക്കങ്ങൾ ശരിയായ തീരുമാനമാണെന്ന് അർജന്റീനിയൻ പ്രസിഡന്റ് ജാവിയർ മിലി പ്രസ്താവിച്ചു. ഇസ്രായേലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനായുള്ള ‘ഐസക് കരാറിൽ’ ഒപ്പുവെക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2023-ൽ അധികാരമേറ്റ ശേഷം മിലി നടത്തുന്ന മൂന്നാമത്തെ ഇസ്രായേൽ സന്ദർശനമാണിത്. ഇറാൻ റെവല്യൂഷണറി ഗാർഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച തന്റെ സർക്കാർ, ഇറാനെതിരായ പോരാട്ടത്തിൽ അമേരിക്കയ്ക്കും ഇസ്രായേലിനും അചഞ്ചലമായ പിന്തുണ നൽകുന്നതായും അദ്ദേഹം ആവർത്തിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ സംയുക്ത പ്രസ്താവനയിൽ, ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇസ്രായേലിനൊപ്പം നിൽക്കുന്നത് ശരിയായ തെരഞ്ഞെടുപ്പാണെന്ന് മിലി വ്യക്തമാക്കി. മുൻകാലങ്ങളിൽ അർജന്റീനയിലെ ആമിയ (AMIA) സെന്ററിലും ഇസ്രായേൽ എംബസിയിലും നടന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ഇറാന്റെ പ്രേരണയുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1994-ൽ ബ്യൂണസ് അയേഴ്സിലെ ജൂത കമ്മ്യൂണിറ്റി സെന്ററിലുണ്ടായ ബോംബാക്രമണത്തിൽ 85 പേർ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ അന്വേഷണവുമായി ഇറാൻ സഹകരിക്കുന്നില്ലെന്ന് അർജന്റീന കുറ്റപ്പെടുത്തുന്നു. കൂടാതെ, 1992-ൽ ഇസ്രായേൽ എംബസിയിലുണ്ടായ ആക്രമണത്തിൽ 29 പേർക്കും ജീവൻ നഷ്ടമായിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഉറപ്പിക്കുന്നതിന്റെ ഭാഗമായി നവംബർ മുതൽ ബ്യൂണസ് അയേഴ്സിനും തെൽഅവീവിനും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാൻ കരാറായി. സാഹചര്യം അനുകൂലമായാൽ അർജന്റീനയുടെ എംബസി തെൽഅവീവിൽ നിന്ന് ജറൂസലമിലേക്ക് മാറ്റാനുള്ള സന്നദ്ധതയും മിലി പ്രകടിപ്പിച്ചു. ഇസ്രായേലിനൊപ്പം നിൽക്കുന്നതിൽ ജാവിയർ മിലി കാണിക്കുന്ന ആർജ്ജവത്തെ പ്രധാനമന്ത്രി നെതന്യാഹു പ്രശംസിച്ചു. ക്രൂരതയ്‌ക്കെതിരായ പോരാട്ടത്തിൽ ജൂത ജനതയ്‌ക്കൊപ്പം നിൽക്കുന്ന മിലിയുടെ നിലപാട് വലിയ ധാർമ്മിക വ്യക്തതയുള്ളതാണെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു.



