തെഹ്‌റാൻ – തങ്ങളുടെ ആണവ അവകാശങ്ങൾ നിഷേധിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അധികാരമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ വ്യക്തമാക്കി. ഇറാൻ മറ്റൊരു രാജ്യത്തെയും ആക്രമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ സ്വന്തം രാജ്യത്തെ സംരക്ഷിക്കാനുള്ള നിയമപരമായ അവകാശം പ്രയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം വ്യാപിപ്പിക്കാൻ തങ്ങൾക്ക് താല്പര്യമില്ലെന്നും ഇറാൻ ഒരു യുദ്ധത്തിനും തുടക്കമിട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് മുഹമ്മദ് റിസ ആരിഫും ആവർത്തിച്ചു. ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ നിയമപരമായ ഉത്തരവാദിത്തമാണെന്നും ചർച്ചകളിലൂടെയോ അല്ലാതെയോ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
അതേസമയം, ചില കാര്യങ്ങളിൽ വലിയ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അമേരിക്കയുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ഇറാന്റെ മുഖ്യ ചർച്ചക്കാരനും പാർലമെന്റ് സ്പീക്കറുമായ മുഹമ്മദ് ബാഖർ ഖാലിബാഫ് പറഞ്ഞു. ചില വിഷയങ്ങളിൽ തങ്ങൾക്ക് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇസ്ലാമാബാദിൽ വെച്ച് അമേരിക്കൻ പ്രതിനിധികളുമായും പിന്നീട് തെഹ്‌റാനിലെത്തിയ പാകിസ്ഥാൻ സംഘവുമായും നടത്തിയ ചർച്ചകളെക്കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്. ചർച്ചകൾ നന്നായി നടക്കുന്നുണ്ടെന്ന് ട്രംപും സമ്മതിച്ചെങ്കിലും ഹുർമുസ് കടലിടുക്കിന്റെ കാര്യത്തിൽ ഇറാൻ അമേരിക്കയെ ബ്ലാക്ക് മെയിൽ ചെയ്യാൻ നോക്കേണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ലെബനോനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഹുർമുസ് കടലിടുക്ക് തുറക്കുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും ഇറാൻ പിന്നീട് നിലപാട് മാറ്റുകയും കടലിടുക്ക് വീണ്ടും അടയ്ക്കുകയും ചെയ്തു. ഇതോടെ ചർച്ചകളുടെ ഭാവി പ്രതിസന്ധിയിലാവുകയും ഫെബ്രുവരിയിൽ തുടങ്ങിയ യുദ്ധം വീണ്ടും ശക്തമാകാനുള്ള സാധ്യത തെളിയുകയും ചെയ്തിട്ടുണ്ട്. ഏപ്രിൽ എട്ടിന് ഇസ്ലാമാബാദിൽ നടന്ന ചർച്ചകളെത്തുടർന്ന് അമേരിക്കയും ഇസ്രായേലും ഒരു ഭാഗത്തും ഇറാൻ മറുഭാഗത്തുമായി രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അന്തിമ കരാറിൽ എത്താൻ സാധിച്ചില്ല. തുടർന്ന് ഇറാൻ തുറമുഖങ്ങൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തുകയും ഹുർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്തു.



