അങ്കാറ – മധ്യപൂര്‍വദേശത്തെ യുദ്ധം കൂടുതല്‍ അറബ് പ്രദേശങ്ങള്‍ കൈവശപ്പെടുത്താനുള്ള ഒരു മറയായി ഇസ്രായില്‍ ശ്രമിക്കുന്നതായി തുര്‍ക്കി വിദേശ മന്ത്രി ഹാകാന്‍ ഫിദാന്‍ ആരോപിച്ചു. ഇസ്രായില്‍ തങ്ങളുടെ സുരക്ഷ ഉറപ്പാക്കാനല്ല ശ്രമിക്കുന്നത്. അവര്‍ക്ക് കൂടുതല്‍ ഭൂപ്രദേശങ്ങള്‍ വേണം. ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ കൂടുതല്‍ അറബ് പ്രദേശങ്ങള്‍ കൈവശപ്പെടുത്താനുള്ള ഒരു മറയായി സുരക്ഷയെ ഉപയോഗിക്കുന്നുവെന്ന് തെക്കന്‍ തുര്‍ക്കിയിലെ അന്റാലിയയില്‍ നടന്ന നയതന്ത്ര ഫോറത്തില്‍ തുര്‍ക്കി വിദേശ മന്ത്രി വ്യക്തമാക്കി.
ഇതിനകം കൈവശപ്പെടുത്തിയിരിക്കുന്ന ഫലസ്തീന്‍ പ്രദേശങ്ങളായ ഗാസ മുനമ്പ്, വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറൂസലം എന്നിവക്കു പുറമെ, ലെബനോനിലും സിറിയയിലും ഉള്‍പ്പെടുന്ന പ്രദേശങ്ങളിലേക്ക് നിയന്ത്രണം വ്യാപിപ്പിക്കാന്‍ ഇസ്രായില്‍ ശ്രമിക്കുകയാണ്. ഇത് അധിനിവേശമാണ്, തുടര്‍ച്ചയായ വികാസം. അത് അവസാനിപ്പിക്കണം. തങ്ങളുടെ സുരക്ഷ നിലനിര്‍ത്താന്‍ മാത്രമാണ് ശ്രമിക്കുന്നതെന്ന് ചിത്രീകരിച്ചുകൊണ്ട് ഇസ്രായില്‍ ലോകത്തിന്റെ മനസ്സില്‍ മിഥ്യാധാരണ നട്ടുപിടിപ്പിച്ചിരിക്കുകയാണെന്ന് ഹാകാന്‍ ഫിദാന്‍ കൂട്ടിചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



