റിയാദ്- ആഗോള പങ്കാളികളുമൊത്ത് പുതിയ കണ്ടുപിടിത്തം, സമഗ്രവളർച്ച, പുതിയ അവസരങ്ങൾ എന്നിവ അടിസ്ഥാനമാക്കി സൗദി അറേബ്യ ഭാവിയിലെ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. റിയാദിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറം സ്പെഷ്യൽ മീറ്റിംഗിൽ സർക്കാർ, ബിസിനസ്സ്, അക്കാദമിക് മേഖലകളിലെ ആഗോള നേതാക്കൾ പങ്കെടുത്ത പ്രത്യേക ഡയലോഗ് സെഷനിൽ പങ്കെടുത്താണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്.
ലോകം അഭിമുഖീകരിക്കുന്ന നിലവിലെ ഭൗമരാഷ്ട്രീയവും സാമ്പത്തികവുമായ വെല്ലുവിളികളെക്കുറിച്ചും കൂടുതൽ പ്രതിരോധശേഷിയുള്ളതും സംയോജിതവുമായ ആഗോള സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിന് ആഗോള സഹകരണം വിപുലീകരിക്കാനുള്ള സൗദി അറേബ്യയുടെ സജീവമായ ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
മേഖലയിൽ സ്ഥിരത കൈവരിക്കാനും നിലനിർത്താനുമുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത കിരീടാവകാശി ഊന്നിപ്പറഞ്ഞു. സുരക്ഷയും സമൃദ്ധിയും കൈവരിക്കുന്നതിന് പ്രാദേശിക, ആഗോള പങ്കാളികളുമായുള്ള യോജിപ്പും സഹകരണവും അനിവാര്യമാണെന്നും കിരീടാവകാശി വ്യക്തമാക്കി.
പ്രാദേശിക, ആഗോള നിക്ഷേപകർക്ക് വൈവിധ്യമാർന്ന അവസരങ്ങളാണ് സൗദി വാഗ്ദാനം ചെയ്യുന്നതെന്നും മിഡിൽ ഈസ്റ്റിലേക്കുള്ള ഒരു കവാടമായും വികസ്വര-വികസിത സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള പാലമായും രാജ്യം പ്രവർത്തിക്കുന്നുവെന്നും കിരീടാവകാശി വ്യക്തമാക്കി.
പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ടിൻ്റെ (പിഐഎഫ്) വളർച്ചയെക്കുറിച്ചും ട്രില്യൺ ഡോളർ സോവറിൻ വെൽത്ത് ഫണ്ടായി മാറാനുള്ള ലക്ഷ്യത്തെക്കുറിച്ചും കിരീടാവകാശി പരാമർശിച്ചു. കഴിഞ്ഞ എട്ട് വർഷമായി നടപ്പിലാക്കിയ സമഗ്രമായ പരിഷ്‌കാരങ്ങളെ കുറിച്ചും അദ്ദേഹം ചർച്ച ചെയ്തു.
സൗദി വിഷൻ 2030 രാജ്യത്തിലെ ജീവിതത്തിൻ്റെ എല്ലാ മേഖലകളെയും സ്പർശിക്കുകയും അഭിവൃദ്ധി പ്രാപിക്കുന്ന ഒരു സിവിൽ സമൂഹത്തെ വളർത്തുകയും ജീവിതം മെച്ചപ്പെടുത്തുകയും ചെയ്തു. 2016 മുതൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഇരട്ടിയായതോടെ ജീവിതനിലവാരം, സാമൂഹിക ചലനാത്മകത എന്നിവയിൽ ഗണ്യമായ പുരോഗതി കൈവരിക്കാനായി.
വിഷൻ 2030 ഒരു ലക്ഷ്യം എന്നതിനേക്കാളുപരി രാജ്യം സഞ്ചരിക്കുന്ന വികസന വഴിയിലെ ഒരു യാത്ര മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, അന്താരാഷ്ട്ര പങ്കാളികളുമായുള്ള സഹകരണത്തിനും വളർച്ചയ്ക്കും വികസനത്തിനും അവസരങ്ങൾ സൃഷ്ടിക്കാൻ ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.