ന്യൂഡൽഹി– പാകിസ്താനിൽ വെച്ച് അമേരിക്കയുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ, ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ നിർണ്ണായക പ്രഖ്യാപനവുമായി ഇന്ത്യയിലെ ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫത്താലി. ഇറാനിൽ ആവശ്യത്തിന് എണ്ണ ശേഖരമുണ്ടെന്നും അത് വാങ്ങാൻ താൽപ്പര്യമുള്ള ഏത് രാജ്യത്തിനും നൽകാൻ തങ്ങൾ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 102 ഡോളർ കടന്ന പശ്ചാത്തലത്തിലാണ് ഈ വാഗ്ദാനം. പ്രതിസന്ധി ഘട്ടത്തിൽ വിശ്വസനീയമായ പങ്കാളിയായി നിന്നതിന് അദ്ദേഹം ഇന്ത്യയോട് നന്ദി അറിയിച്ചു. ഇത് വെറുമൊരു കച്ചവട നീക്കമല്ലെന്നും സങ്കീർണ്ണമായ ആഗോള സാഹചര്യത്തിൽ ഇറാൻ നൽകുന്ന വ്യക്തമായ രാഷ്ട്രീയ സന്ദേശമാണെന്നും നിരീക്ഷകർ കരുതുന്നു.
2019-ൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതോടെയാണ് ഇറാന്റെ വലിയ ഉപഭോക്താക്കളിലൊന്നായിരുന്ന ഇന്ത്യ അവിടെ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെച്ചത്. നിലവിൽ ഇറാൻ ബന്ധമുള്ള കപ്പലുകൾക്ക് കർശന ഉപരോധം ഏർപ്പെടുത്താനാണ് അമേരിക്കയുടെ നീക്കം. ഇന്ത്യൻ സമയം ഇന്ന് വൈകീട്ട് 7.30 മുതൽ ഹുർമുസ് കടലിടുക്കിൽ ഉപരോധം ആരംഭിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇറാന്റെ തുറമുഖങ്ങളെ തൊടാൻ ശ്രമിച്ചാൽ പേർഷ്യൻ ഉൾക്കടലിലെയും ഒമാൻ ഉൾക്കടലിലെയും ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകി.



