കൊൽക്കത്ത– പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മമത ബാനർജിക്ക് എതിരെ രംഗത്തെത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ ഷമിക് ഭട്ടാചാര്യ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ തോറ്റ മുഖ്യമന്ത്രി മമത ബാനർജി ഇത്തവണയും പരാജയപ്പെടുമെന്നും ഷമിക് ഭട്ടാചാര്യ
പറഞ്ഞു. തീവ്രവാദ ശക്തികൾക്ക് സുരക്ഷിത താവളമായി മാറിയ ബംഗാളിലെ ക്രമസമാധാനം തകർന്നിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അഭയാർത്ഥികളായ റോഹിങ്ക്യ സമൂഹത്തിന് മാത്രമാണ് പരിഗണന ലഭിക്കുന്നതെന്നും ബംഗാളിലെ സാധാരണ ജനങ്ങളെ ഇവർ വഞ്ചിച്ചു. തെരഞ്ഞെടുപ്പിൽ ജനങ്ങൾ തന്നെ ഇവർക്കെതിരെ വിധി പറയുമെന്നും ഭട്ടാചാര്യ വ്യക്തമാക്കി. നിലവിൽ തൃണമൂൽ കോൺഗ്രസ് നടത്തുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ മാത്രമാണെന്നും ബിജെപി നേതാവ് ആരോപിച്ചു.
ബംഗാളിൽ ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ലെങ്കിലും പാർട്ടി വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിൽ എത്തും. സിപിഎമ്മിനെയും, കോൺഗ്രസിനെയും പൂർണമായും തള്ളിക്കളഞ്ഞ ബംഗാളിൽ ഇനി ബിജെപിയും തൃണമൂലും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും ഷമിക് ഭട്ടാചാര്യ പറഞ്ഞു.



