ബെർലിൻ– യൂറോപ്യൻ ഫുട്ബോളിലെ കരുത്തരായ ‘ബിഗ് ഫൈവ്’ ലീഗുകളിൽ (ജർമ്മനി, ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്) ഒരു പുരുഷ ടീമിനെ നയിക്കുന്ന ആദ്യ വനിതാ മുഖ്യപരിശീലിയികയായി മാരീ ലൂയിസ് എറ്റ. ജർമ്മൻ ബുണ്ടസ്‌ലിഗ ക്ലബ്ബായ യൂണിയൻ ബെർലിനാണ് 34-കാരിയായ എറ്റയെ തങ്ങളുടെ മുഖ്യ പരിശീലകയായി നിയമിച്ചത്. മോശം പ്രകടനത്തെത്തുടർന്ന് പരിശീലകൻ സ്റ്റെഫൻ ബാംഗാർട്ടിനെ പുറത്താക്കിയ ഒഴിവിലേക്കാണ് ഈ ചരിത്ര നിയമനം.
ഈ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ ടീമിനെ നയിക്കുക മാരീ ലൂയിസ് എറ്റയായിരിക്കും. “ക്ലബ്ബ് എന്നിൽ ഏൽപ്പിച്ച ഈ വെല്ലുവിളി നിറഞ്ഞ ദൗത്യത്തിൽ ഞാൻ അതീവ സന്തോഷവതിയാണ്. പ്രതിസന്ധികളിൽ ഒത്തൊരുമയോടെ പോരാടുക എന്നത് യൂണിയൻ ബെർലിന്റെ കരുത്താണ്. ഈ ടീമിനെക്കൊണ്ട് ആവശ്യമായ പോയിന്റുകൾ നേടാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,” എറ്റ പ്രസ്താവനയിൽ പറഞ്ഞു.
2023-ൽ ബുണ്ടസ്‌ലിഗ ചരിത്രത്തിലെ ആദ്യ വനിതാ അസിസ്റ്റന്റ് കോച്ചായി നിയമിതയായ വ്യക്തി കൂടിയാണ് എറ്റ. ശനിയാഴ്ച വുൾഫ്സ്ബർഗിനെതിരെ നടക്കുന്ന മത്സരത്തിലായിരിക്കും എറ്റ ആദ്യമായി മുഖ്യ പരിശീലകയുടെ കുപ്പായത്തിൽ ഡഗ് ഔട്ടിലെത്തുക.
സീസണിന്റെ രണ്ടാം പകുതിയിൽ ടീമിനുണ്ടായ കനത്ത തിരിച്ചടിയാണ് പരിശീലകൻ സ്റ്റെഫൻ ബാംഗാർട്ടിന്റെ സ്ഥാനം തെറിക്കാൻ കാരണമായത്. ശനിയാഴ്ച പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഹൈഡൻഹൈമിനോട് 3-1 ന് തോറ്റതോടെയാണ് ക്ലബ്ബ് മാനേജ്‌മെന്റ് കടുത്ത തീരുമാനമെടുത്തത്. നിലവിൽ തരംതാഴ്ത്തൽ ഭീഷണിയിൽ നിന്ന് വെറും ഏഴ് പോയിന്റ് മാത്രം മുകളിലാണ് യൂണിയൻ ബെർലിൻ.
താരമെന്ന നിലയിൽ മികച്ച റെക്കോർഡുള്ള വ്യക്തിയാണ് മാരീ ലൂയിസ് എറ്റ. 2010-ൽ ടർബൈൻ പോട്‌സ്‌ഡാമിനൊപ്പം വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുണ്ട്. കൂടാതെ മൂന്ന് ബുണ്ടസ്‌ലിഗ കിരീടങ്ങളും സ്വന്തമാക്കി. 26-ാം വയസ്സിൽ കളി നിർത്തിയ ശേഷം പരിശീലന രംഗത്തേക്ക് തിരിഞ്ഞ അവർ, ജർമ്മൻ ഫുട്ബോൾ അസോസിയേഷന്റെ (DFB) കീഴിലും പ്രവർത്തിച്ചിട്ടുണ്ട്.
താഴ്ന്ന ഡിവിഷനുകളിൽ മുമ്പ് വനിതകൾ പുരുഷ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ടെങ്കിലും ഒന്നാം നിര ലീഗുകളിൽ ഇത് ആദ്യമാണ്. നിലവിൽ ജർമ്മൻ മൂന്നാം ഡിവിഷനിൽ ഇംഗോൾസ്റ്റാഡ് എഫ്.സിയെ സാബ്രീന വിറ്റ്മാൻ പരിശീലിപ്പിക്കുന്നുണ്ട്. ഫ്രഞ്ച് രണ്ടാം ഡിവിഷനിൽ കൊറിൻ ഡിയാക്രേ മൂന്ന് സീസണുകളിൽ ക്ലർമോണ്ട് ടീമിനെ നയിച്ചിരുന്നു.



