മസ്കത്: ഒമാനിലെ സ്‌കൂളുകളിൽ ക്ലാസ്സുകൾ തുടങ്ങി മാസമാകാറായിട്ടും പുസ്തക വിതരണം പൂർത്തിയാക്കാനാകാതെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഓഫീസ്. മുൻകാലങ്ങളിൽ ഓരോ സ്‌കൂളുകളായിരുന്നു അവർക്കാവശ്യമുള്ള പുസ്തകങ്ങൾ വാങ്ങിയിരുന്നത്. ആ സമയങ്ങളിൽ കൃത്യ സമയത്ത് പുസ്തക വിതരണം നടത്താൻ സാധിച്ചിരുന്നു.
എന്നാൽ രണ്ടു വര്ഷം മുൻപാണ് മൂന്നു പ്രമോട്ടർ സ്‌കൂളുകളിൽ ഒഴികെ പുസ്തക വിതരണം ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഓഫീസ് നേരിട്ട് ഏറ്റെടുത്തത്. പുസ്തകങ്ങളുടെ ഏകീകരണവും
പുസ്തകം വാങ്ങുമ്പോൾ ഉള്ള ഡിസ്കൗണ്ടും ആയിരുന്നു അങ്ങിനെ ഒരു തീരുമാനം എടുക്കാനുള്ള കാരണമായി പറഞ്ഞിരുന്നത്. എന്നാൽ തുടക്കത്തിൽ തന്നെ ഈ ഒരു സംരംഭത്തിന് കല്ലുകടി നേരിട്ടു.
ടെണ്ടർ നടപടിയിലെ സുതാര്യത ഇല്ലായ്മ കഴിഞ്ഞ മാസം നടന്ന ഓപ്പൺ ഫോറത്തിലുന്നയിക്കപ്പെടുക മാത്രമല്ല, അതിനു വ്യക്തമായ ഉത്തരം നൽകാനും അധികൃതർക്ക് സാധിച്ചില്ല. പുസ്തക വിതരണം വൈകുകയും, പുസ്തകത്തിന് മുൻവർഷങ്ങളിൽ കിട്ടിയതിനേക്കാൾ കൂടുതൽ തുക നൽകേണ്ടതായും വന്നത് അധികൃതരെ പ്രതിരോധത്തിലാക്കി.
പുസ്തക വിതരണത്തിൽ മുൻ പരിചയമില്ലാത്ത കമ്പനിക്ക് ടെൻഡർ നൽകിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് രക്ഷിതാക്കളുടെ കൂട്ടായ്‌മ ആരോപിക്കുന്നത്. പുസ്തകങ്ങൾ കൃത്യ സമയത്തു എത്താത്തതിനാൽ ഫോട്ടോസ്റ്റാറ്റ് എടുത്താണ് സ്‌കൂൾ അധികൃതർ ക്ലാസുകൾ മുന്നോട്ട് കൊണ്ട് പോകുന്നത്. ആ ഇനത്തിലും വലിയൊരു തുക സ്‌കൂളിന് നഷ്ടം സംഭവിച്ചിട്ടുണ്ട്.
എന്നാൽ പുസ്തകങ്ങളിൽ ഏകദേശം എഴുപതു ശതമാനം എത്തിയിട്ടുണ്ടെന്നും ബാക്കി ഉടനെ എത്തിക്കാനുള്ള നടപടികൾ നടക്കുന്നു എന്നും ബോർഡ് ഓഫീസിൽ നിന്ന് അറിയിച്ചു.