തിരുവനന്തപുരം – വട്ടിയൂർക്കാവ്, കഴക്കൂട്ടം, നേമം മണ്ഡലങ്ങളിൽ ബിജെപിയെ എൽഡിഎഫ് പരാജയപ്പെടുത്തുമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ.എ. റഹീം എംപി. ഇത്തവണ ജില്ലയിലെ 14 സീറ്റുകളിലും എൽഡിഎഫ് ഉജ്ജ്വല വിജയം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ചില മണ്ഡലങ്ങളിലെ സാഹചര്യങ്ങൾ കണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സന്തോഷിക്കുന്നുണ്ടെങ്കിൽ അത് വെറുതെയാകുമെന്നും റഹീം കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്തെ മണ്ഡലങ്ങളെ ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എ.എ. റഹീം ആരോപിച്ചു. വോട്ടർമാർക്ക് വലിയ തോതിൽ പണവും മദ്യവും നൽകി സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. ഒരു വീടിന് 10,000 രൂപ വരെ നൽകുന്നുണ്ടെന്നും ചിലരുടെ ബാങ്ക് ലോണുകൾ ബിജെപി നേരിട്ട് തീർത്തു കൊടുക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ പൊതുമുതൽ വിറ്റുകിട്ടുന്ന കോടിക്കണക്കിന് രൂപയാണ് ബിജെപി ഇത്തരത്തിൽ തിരുവനന്തപുരത്ത് ഒഴുക്കുന്നത്. ഇങ്ങനെ പണം നൽകി വോട്ട് വാങ്ങിയാൽ അത് ബിജെപിക്ക് ലഭിക്കുന്ന രാഷ്ട്രീയ വോട്ടായി കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ സർക്കാർ അധികാരത്തിൽ തുടരണമെന്ന ആഗ്രഹമാണ് ജനങ്ങളെ ബൂത്തുകളിലേക്ക് എത്തിച്ചതെന്ന് റഹീം പറഞ്ഞു. നിലവിലെ സർക്കാർ മാറിയാൽ തങ്ങളുടെ ക്ഷേമ പെൻഷനുകൾ മുടങ്ങുമെന്നും നാടിന്റെ വികസനം സ്തംഭിക്കുമെന്നും ജനങ്ങൾക്ക് നന്നായി അറിയാം. തമ്മിലടിക്കാത്ത ഒരു സർക്കാർ ഉണ്ടെങ്കിൽ മാത്രമേ വികസനം സാധ്യമാകൂ എന്ന് ജനങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് എൽഡിഎഫിന് ഉറച്ച വിജയപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.



