മുംബൈ– വിഖ്യാത ഗായിക ആശാ ഭോസ്‌ലെ ശ്വാസകോശ സംബന്ധമായ അണുബാധയെയും കഠിനമായ ക്ഷീണത്തെയും തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 92 വയസ്സുകാരിയായ ഗായികയുടെ ആരോഗ്യനിലയെക്കുറിച്ച് അവരുടെ ചെറുമകളും ഗായികയുമായ സനായി ഭോസ്‌ലെയാണ് സോഷ്യൽ മീഡിയയിലൂടെ വിവരങ്ങൾ പങ്കുവെച്ചത്. ആശാ ഭോസ്‌ലെ ചികിത്സയിലാണെന്നും കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും സനായി അഭ്യർത്ഥിച്ചു. സെപ്റ്റംബർ എട്ടിന് 93-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ഈ ആരോഗ്യപ്രശ്നങ്ങൾ.
എട്ടു പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതമുള്ള ആശാ ഭോസ്‌ലെ, 1943-ൽ ‘മാത്സ ബാൽ’ എന്ന മറാത്തി ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. ‘പിയാ തൂ അബ് തോ ആജാ’, ‘രംഗീല രെ’ തുടങ്ങിയ തകർപ്പൻ ഹിറ്റുകൾ മുതൽ ‘ദിൽ ചീസ് ക്യാ ഹേ’ പോലുള്ള ഗസലുകൾ വരെ പാടി തന്റെ അതുല്യമായ ശബ്ദവൈവിധ്യം അവർ തെളിയിച്ചിട്ടുണ്ട്. തൊണ്ണൂറാം വയസ്സിലും ദുബായിൽ തത്സമയ കൺസേർട്ട് നടത്തി വിസ്മയിപ്പിച്ച അവർ, സംഗീതം തന്റെ ശ്വാസമാണെന്ന് വിശ്വസിക്കുന്നു. 2000-ൽ ദാദാസാഹേബ് ഫാൽക്കെ അവാർഡും 2008-ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു.



