ന്യൂയോർക്ക്– തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ സുരക്ഷിത നാവിഗേഷൻ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്റൈൻ അവതരിപ്പിച്ച കരട് പ്രമേയം ഐക്യരാഷ്ട്രസഭ രക്ഷാസമിതി തള്ളി. വീറ്റോ അധികാരമുള്ള സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും പ്രമേയത്തെ എതിർത്തതോടെയാണ് നീക്കം പരാജയപ്പെട്ടത്.
ആഗോള ഊർജ്ജ വിതരണ പാതയായ ഹുർമുസിൽ അന്താരാഷ്ട്ര നിരീക്ഷണം ശക്തമാക്കാനും സമുദ്രയാത്രയ്ക്ക് നിയമപരമായ സംരക്ഷണം നൽകാനുമാണ് ബഹ്റൈൻ ഈ പ്രമേയം കൊണ്ടുവന്നത്. രക്ഷാസമിതിയിൽ നടന്ന വോട്ടെടുപ്പിൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളുമടക്കം 11 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. എന്നാൽ രണ്ട് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
മേഖലയിലെ സംഘർഷങ്ങൾക്കിടയിൽ ആഗോള ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ഇത്തരം ഇടപെടൽ അത്യന്താപേക്ഷിതമാണെന്ന് അനുകൂലിച്ച രാജ്യങ്ങൾ വാദിച്ചു. എന്നാൽ, അന്താരാഷ്ട്ര നിരീക്ഷണം മേഖലയിലെ അസ്ഥിരത വർധിപ്പിക്കുമെന്നും വിദേശ ഇടപെടലുകൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നുമാണ് റഷ്യയുടെയും ചൈനയുടെയും നിലപാട്. രക്ഷാസമിതിയിലെ ഈ കടുത്ത ഭിന്നത ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ സംബന്ധിച്ച അനിശ്ചിതത്വം തുടരാൻ കാരണമായിരിക്കുകയാണ്.



