ജിദ്ദ- വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രവാസികളുടെ നിലപാടുകളും ആവശ്യങ്ങളും ചർച്ച ചെയ്യുന്നതിനായി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വനിതാ വിംഗ് സംഘടിപ്പിച്ച ചർച്ചാ സംഗമം ശ്രദ്ധേയമായി. പ്രവാസികൾ നേരിടുന്ന നിരന്തരമായ വെല്ലുവിളികളും ഭരണകൂടങ്ങളിൽ നിന്നുള്ള പ്രതീക്ഷകളും ചർച്ചയായി.
പ്രവാസി പെൻഷൻ കാലാനുസൃതമായി വർദ്ധിപ്പിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക, മരണാനന്തര സഹായങ്ങൾ വേഗത്തിൽ ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. വിമാന ടിക്കറ്റ് നിരക്കിലെ അന്യായമായ വർദ്ധനവിനെതിരെയും പ്രവാസി വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസം, സി.ബി.എസ്.ഇ സ്‌കൂളുകൾ നേരിടുന്ന ഭരണപരമായ പ്രതിസന്ധികൾ എന്നിവ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സംഗമം ആവശ്യപ്പെട്ടു. പ്രവാസികളുടെ വോട്ടവകാശം ഫലപ്രദമായി വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഗൗരവമായ സംവാദങ്ങൾ നടന്നു.


കേരളത്തിൽ വർദ്ധിച്ചു വരുന്ന മദ്യശാലകളും യുവതലമുറയെ കാർന്നുതിന്നുന്ന മയക്കുമരുന്ന് മാഫിയകളും പ്രവാസികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നതായി യോഗം വിലയിരുത്തി. ഇത്തരം സാമൂഹിക വിപത്തുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുന്ന ഒരു സർക്കാരിനെയാണ് പ്രവാസലോകം ആഗ്രഹിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുന്നതിലാണ് പ്രവാസികൾക്ക് വലിയ പ്രതീക്ഷയെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
വനിതാ വിങ് പ്രസിഡന്റ് മുംതാസ് പാലോളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഷമീല മൂസ സ്വാഗതം ആശംസിച്ചു. ജിദ്ദ ഒ.ഐ.സി.സി വനിതാ വിങ് പ്രസിഡന്റ് മൗഷ്മി ശരീഫ്, മറിയം, സലീന ഇബ്രാഹിം, സാബിറ മജീദ്, മിസ്‌രിയ ഹമീദ്, ഇർഷാദ ഇല്യാസ്, മൈമൂന, നസീമ, ഹാജറ ബഷീർ, സുരയ്യ കാരി, ജസീറ ശരീഫ് തുടങ്ങി വിവിധ സംഘടനാ പ്രതിനിധികൾ ചർച്ചയിൽ സജീവമായി പങ്കെടുത്തു. ട്രഷറർ കുബ്ര ലത്തീഫ് നന്ദി രേഖപ്പെടുത്തി.



