തെഹ്‌റാന്‍ – അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമാകുന്നതിനിടെ, വീണ്ടും ഒരു യുഎസ് യുദ്ധവിമാനം കൂടി ഇറാൻ വെടിവെച്ചിട്ടതായി റിപ്പോർട്ട്. ഒരു മാസമായി തുടരുന്ന യുദ്ധത്തിനിടെ ഇത് രണ്ടാം തവണയാണ് അമേരിക്കൻ വിമാനം ഇറാൻ തകർക്കുന്നത്. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ വെച്ച് എഫ്-15 ഈഗിൾ വിമാനം വെടിവെച്ചിട്ടതിന് പിന്നാലെയാണ്, ഗൾഫ് ഉൾക്കടലിൽ വെച്ച് രണ്ടാമത്തെ വിമാനവും ഇറാൻ തകർത്തത്. ഹുർമുസ് കടലിടുക്കിന് മുകളിലൂടെ പറക്കുകയായിരുന്ന അമേരിക്കയുടെ എ-10 ആക്രമണ വിമാനത്തെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞുവെന്നും അത് കടലിൽ തകർന്നു വീണുവെന്നും ഇറാൻ സൈന്യം ഔദ്യോഗികമായി അറിയിച്ചു. വിമാനം തകർന്ന വിവരം ന്യൂയോർക്ക് ടൈംസും സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിന് മുൻപായി പൈലറ്റ് വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി പുറത്തേക്ക് ചാടിയെന്നും അദ്ദേഹത്തെ പിന്നീട് രക്ഷപ്പെടുത്തിയെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു.
ആദ്യ വിമാനമായ എഫ്-15 തകർന്നതിന് പിന്നാലെ അതിലെ പൈലറ്റുമാരെ കണ്ടെത്താനായി അമേരിക്ക തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ഈ രക്ഷാപ്രവർത്തനത്തിനായി എത്തിയ രണ്ട് അമേരിക്കൻ ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാൻ സൈന്യം വെടിയുതിർത്തതായി എൻബിസി റിപ്പോർട്ട് ചെയ്തു. എന്നാൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ സുരക്ഷിതരാണ്. വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടിയ രണ്ട് പൈലറ്റുമാരിൽ ഒരാളെ അമേരിക്കൻ പ്രത്യേക സേന ഇറാൻ പ്രദേശത്ത് നിന്ന് സാഹസികമായി കണ്ടെത്തി രക്ഷപ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ പൈലറ്റിനായി അമേരിക്കൻ സൈന്യം ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. അതേസമയം, പൈലറ്റുമാരെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഇറാൻ വൻ തുക പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത് അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
നിലവിലെ സംഘർഷാവസ്ഥയെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിട്ടുണ്ട്. തങ്ങളുടെ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട നടപടി ഇറാനുമായുള്ള ചർച്ചകളെ ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, കാണാതായ രണ്ടാമത്തെ പൈലറ്റിനെ കണ്ടെത്താൻ നടത്തുന്ന രക്ഷാപ്രവർത്തനങ്ങളുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ട്രംപ് തയ്യാറായില്ല. എഫ്-15 വിമാനം തകർന്നപ്പോൾ പൈലറ്റുമാർ പാരച്യൂട്ട് വഴി രക്ഷപ്പെട്ട വിവരവും അവരിൽ ഒരാളെ കണ്ടെത്തിയ കാര്യവും റോയിട്ടേഴ്സ് അടക്കമുള്ള വാർത്താ ഏജൻസികളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ ഹുർമുസ് കടലിടുക്കിൽ വെച്ച് രണ്ടാമത്തെ വിമാനം കൂടി തകർന്നത് മേഖലയിൽ അതീവ ഗൗരവകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.



