വാഷിംഗ്ടണ്‍ – ഇറാനിലെ പാലങ്ങളും വൈദ്യുതി നിലയങ്ങളും തകര്‍ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. യു.എസ് സൈന്യം ഇറാനില്‍ അവശേഷിക്കുന്നത് നശിപ്പിക്കാന്‍ തുടങ്ങിയിട്ടില്ല. അടുത്തത് പാലങ്ങളാണ്, പിന്നെ വൈദ്യുത നിലയങ്ങളാണ് എന്ന് ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു. ഇറാന്‍ നേതാക്കള്‍ക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയാം. അത് വേഗത്തില്‍ ചെയ്യണമെന്നും ട്രംപ് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ, തെഹ്റാനെ പടിഞ്ഞാറുള്ള ഖാര്‍ഗ് നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലം ബോംബാക്രമണത്തിലൂടെ തകര്‍ത്തതിനെ യു.എസ് പ്രസിഡന്റ് പ്രശംസിച്ചു. വളരെ വൈകുന്നതിന് മുമ്പ് ഇറാന്‍ ഒരു കരാറിലെത്തണമെന്ന് അദ്ദേഹം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ന്നുവീഴുന്നു, ഇനി ഒരിക്കലും അത് ഉപയോഗിക്കില്ലെന്ന് പുക ഉയരുന്നതിനിടയില്‍ തൂക്കുപാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീഴുന്നത് കാണിക്കുന്ന വീഡിയോ തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത് ട്രംപ് കുറിച്ചു. രാജ്യത്തെ ഏറ്റവും സങ്കീര്‍ണ്ണമായ എന്‍ജിനീയറിംഗ് ഘടനകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ബി-1 പാലം വ്യാഴാഴ്ച രണ്ട് ഘട്ടങ്ങളിലായി നടന്ന യു.എസ് വ്യോമാക്രമണത്തില്‍ തകര്‍ന്നതായും ആക്രമണത്തില്‍ കുറഞ്ഞത് എട്ട് പേര്‍ കൊല്ലപ്പെടുകയും 95 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ അറിയിച്ചു.
തെഹ്റാനില്‍ നിന്ന് പടിഞ്ഞാറന്‍ ഇറാനിലേക്ക് മിസൈലുകള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ചതിനാലാണ് ഖാര്‍ഗിലെ ബി-1 പാലം ആക്രമിച്ചതെന്നും സൈന്യത്തിന് ലോജിസ്റ്റിക്കല്‍ പിന്തുണ നല്‍കാന്‍ ഇറാന്‍ പാലം ഉപയോഗിച്ചതായും യു.എസ് ഉദ്യോഗസ്ഥന്‍ ആക്‌സിയോസിനോട് പറഞ്ഞു. പാലത്തില്‍ നിന്ന് അകന്നുനില്‍ക്കാന്‍ അല്‍ബോര്‍സ് പ്രവിശ്യയിലെ ഇറാന്‍ അധികൃതര്‍ പ്രദേശവാസികളോട് ആവശ്യപ്പെട്ടു. ആദ്യ ആക്രമണത്തിന്റെ ഇരകളെ സഹായിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് രണ്ടാമത്തെ ആക്രമണം നടന്നതെന്ന് ഇറാന്‍ അധികൃതര്‍ പറഞ്ഞു. ബി-1 പാലം മിഡില്‍ ഈസ്റ്റിലെ ഏറ്റവും ഉയരം കൂടിയ പാലമാണെന്നും ഈ വര്‍ഷം ആദ്യമാണ് ഉദ്ഘാടനം ചെയ്തതെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു.



