ജിദ്ദ – സൗദി അറേബ്യയുടെ പ്രീമിയം ഇഖാമ കരസ്ഥമാക്കിയവരിൽ പകുതിയിലേറെ പേരും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് പ്രീമിയം റെസിഡൻസി സെന്ററിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ആകെ ഇഖാമ നേടിയവരിൽ 55.02 ശതമാനം പേർ ഏഷ്യക്കാരാണ്. ആഫ്രിക്കൻ വംശജർ 28.13 ശതമാനവുമായി രണ്ടാം സ്ഥാനത്തു നിൽക്കുന്നു. ബാക്കിയുള്ളവരിൽ 10.29 ശതമാനം യൂറോപ്യന്മാരും, 6.13 ശതമാനം വടക്കേ അമേരിക്കക്കാരും, 0.43 ശതമാനം തെക്കേ അമേരിക്കക്കാരുമാണ്. നിലവിൽ ആയിരക്കണക്കിന് വിദേശികൾ സൗദിയിൽ പ്രീമിയം ഇഖാമ സ്വന്തമാക്കിയിട്ടുണ്ട്. രാജ്യത്ത് നിയമപരമായി ബിസിനസ്സ് ചെയ്യാൻ പ്രീമിയം ഇഖാമ ഉള്ളവർക്കോ അല്ലെങ്കിൽ വിദേശ നിക്ഷേപക ലൈസൻസ് ഉള്ളവർക്കോ മാത്രമാണ് അനുമതിയുള്ളത്. ഇതിൽ ഉൾപ്പെടാത്തവർ നടത്തുന്ന ബിസിനസ്സുകൾ ബിനാമി ഇടപാടുകളായി കണക്കാക്കും. ഇത്തരം നിയമലംഘകർക്ക് ജയിൽശിക്ഷ, പിഴ, സ്വത്ത് കണ്ടുകെട്ടൽ, നാടുകടത്തൽ തുടങ്ങിയ കർശനമായ ശിക്ഷാനടപടികൾ നേരിടേണ്ടി വരും.
രാജ്യത്തിന്റെ ശാസ്ത്രീയവും സാമ്പത്തികവുമായ വളർച്ചയ്ക്ക് കരുത്തുപകരാൻ കഴിവുള്ള പ്രതിഭകളെയും പ്രൊഫഷണലുകളെയും നിക്ഷേപകരെയും ആകർഷിക്കുക എന്നതാണ് പ്രീമിയം ഇഖാമയിലൂടെ സൗദി അറേബ്യ ലക്ഷ്യമിടുന്നത്. ഇതിനായി ഏഴ് തരത്തിലുള്ള പ്രീമിയം റെസിഡൻസി വിഭാഗങ്ങളാണ് നിലവിലുള്ളത്. എക്‌സപ്ഷണൽ ടാലന്റ്, ടാലന്റ് റെസിഡൻസി, ബിസിനസ് ഇൻവെസ്റ്റർ, എന്റർപ്രണർ റെസിഡൻസി, പ്രോപ്പർട്ടി ഓണർ റെസിഡൻസി എന്നിവയ്ക്ക് പുറമെ നിശ്ചിത കാലാവധിയുള്ളതും അല്ലാത്തതുമായ റെസിഡൻസികളും ഇതിൽ ഉൾപ്പെടുന്നു. കുടുംബത്തോടൊപ്പം താമസിക്കാനും ബിസിനസ്സ് നടത്താനും വസ്തുവകകൾ സ്വന്തമാക്കാനും ബന്ധുക്കളെ സ്പോൺസർ ചെയ്യാനും ഉൾപ്പെടെയുള്ള വിപുലമായ ആനുകൂല്യങ്ങൾ ഈ പദ്ധതിയിലൂടെ പ്രവാസികൾക്ക് ലഭിക്കുന്നുണ്ട്.
2019 പകുതിയോടെയാണ് സൗദി അറേബ്യ പ്രീമിയം ഇഖാമയ്ക്കായുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്. എട്ടു ലക്ഷം റിയാൽ ഫീസുള്ള സ്ഥിര താമസ സൗകര്യവും ഒരു ലക്ഷം റിയാൽ വാർഷിക ഫീസുള്ള പുതുക്കാവുന്ന താമസ സൗകര്യവുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. 2019 നവംബറിൽ 19 രാജ്യങ്ങളിൽ നിന്നുള്ള 73 പേർക്ക് ആദ്യമായി ഈ ഇഖാമ അനുവദിച്ചു. ഇതിൽ ഭൂരിഭാഗവും ഡോക്ടർമാരും നിക്ഷേപകരുമായിരുന്നു. തുടർന്ന് 2024-ന്റെ തുടക്കത്തിൽ അഞ്ച് പുതിയ വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയതോടെ പ്രീമിയം ഇഖാമ ഉൽപ്പന്നങ്ങളുടെ എണ്ണം ഏഴായി ഉയർന്നു. വിദഗ്ധർക്കും നിക്ഷേപകർക്കും പുറമെ വസ്തു ഉടമകൾക്കും സംരംഭകർക്കും കൂടുതൽ അവസരങ്ങൾ നൽകുന്ന രീതിയിലാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.



