ദമ്മാം– പ്രമുഖ നോവലിസ്റ്റും കാർട്ടൂണിസ്റ്റും ചിന്തകനുമായിരുന്ന ഓ.വി വിജയന്റെ ഓർമ്മയിൽ സൗദി മലയാളീ സമാജം ദമ്മാം ചാപ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു. സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുതിർന്ന മാധ്യമപ്രവർത്തകനും, എഴുത്തുകാരനും, പ്രഭാഷകനുമായ പി.എ.എം ഹാരിസ് അനുസ്മരണ പ്രഭാഷണം നടത്തി. തസ്രാക്കിൻ്റെ മണ്ണിലൂടെ സഞ്ചരിച്ച് ഒ.വി. വിജയൻ എന്ന മഹാപ്രതിഭയുടെ ഓർമ്മകൾ, അതിമനോഹരമായി ഒരു ക്യാൻവാസിലെന്നപ്പോൽ വരച്ചുവെച്ചു കൊണ്ടാണ് അദ്ദേഹം മലയാളത്തിന്റെ ഇതിഹാസസാഹിത്യകാരനെ സ്മരിച്ചത്. തന്റെ ആദ്യ നോവൽ ‘ഖസാക്കിന്റെ ഇതിഹാസത്തിലൂടെ 1970 കളിൽ മലയാള നോവൽ സാഹിത്യത്തിൽ ഒരു വേറിട്ട വഴി തുറക്കുകയായിരുന്നു ഒ.വി വിജയനെന്ന് അദ്ദേഹം പറഞ്ഞു.


കാലത്തിന് മായ്ക്കാൻ കഴിയാത്ത അനവധി കഥയും കഥാപാത്രങ്ങളും അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. തത്ത്വചിന്തയും സാമൂഹിക വിമർശനവും ചേർന്ന രചനകളിലൂടെ, മലയാളസാഹിത്യത്തെ, ഇന്ത്യൻ രാഷ്ട്രീയത്തെ, ദീർഘവീക്ഷണത്തോടെ പ്രവചിച്ച അസാമാന്യ പ്രതിഭയായിരുന്നു ഒ.വി വിജയൻ. വർത്തമാനകാല, അധികാര, ഭരണകൂട ചലനങ്ങളെ, തിളയ്ക്കുന്ന ഭാഷയിൽ വിചാരണ ചെയ്തപ്പോൾ തന്നെ, ശാന്തവും സൗമ്യവുമായ ഭാഷയിലൂടെ അദ്ദേഹം തന്റെ മറ്റു രചനകളെ വേറിട്ടതാക്കി.
മനുഷ്യമനസ്സുകളിലേക്കും സമൂഹത്തിലേക്കും ഒരുപോലെ പ്രതിഷ്ഠിച്ച കണ്ണാടി ആയിരുന്നു ഒ.വി വിജയനും അദ്ദേഹത്തിന്‍റെ കൃതികളും. ധര്‍മ്മപുരാണം, ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി, കടല്‍ത്തീരത്ത്, അശാന്തി തുടങ്ങി ആറ് നോവലുകളും ഒമ്പത് ചെറുകഥാ സമാഹാരങ്ങളുമടക്കം ഒട്ടനവധി കൃതികളിലൂടെ, ലേഖനങ്ങളിലൂടെ, കാര്‍ട്ടൂണുകളിലൂടെ, അദ്ദേഹം സാഹിത്യലോകത്ത് പകരക്കാരനില്ലാത്ത പ്രതിഭയായി ഇന്നും ഓർമ്മിക്കപ്പെടുന്നു.
എഴുത്തിലും, വരയിലും, ദര്‍ശനത്തിലും, മലയാളത്തിന്, കാലാതിവർത്തിയായ സംഭാവനകള്‍ നല്‍കിയ അതുല്യ സാഹിത്യകാരന്റെ ഓർമ്മയ്ക്ക് മുന്നിൽ യോഗം പ്രണാമമർപ്പിച്ചു. പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ മാലിക് മഖ്ബൂൽ, ഇ.കെ സലിം, ഡോ: ടെസ്സി റോണി എന്നിവർ സംസാരിച്ചു. സുനിൽ മുഹമ്മദ്, സോഫിയ ഷാജഹാൻ, പി.ടി അലവി, മാത്തുക്കുട്ടി പള്ളിപ്പാട്, സുബൈർ പുല്ലാളൂർ, തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
മലയാളി സമാജം ഭാരവാഹികളായ മുരളീധരൻ, ആസിഫ് താനൂർ, ഫെബിനാ നജ്മുസമാൻ, റഹൂഫ് ചാവക്കാട്, ലീനാ ഉണ്ണിക്കൃഷ്ണൻ, ബിനു കുഞ്ഞ്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഹുസൈൻ ചമ്പോളിൽ അവതാരകനായിരുന്നു. ചടങ്ങിൽ ഡോക്ടർ സിന്ധു ബിനു സ്വാഗതവും ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു.



