റിയാദ്: മഴയ്‌ക്കൊപ്പമുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളിൽ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി സൗദിയുടെ ചില ഭാഗങ്ങളിൽ കരയിലൂടെയുള്ള യാത്ര അത്യാവശ്യമില്ലെങ്കിൽ ഉപേക്ഷിക്കാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഉപദേശിച്ചു. കൊടുങ്കാറ്റ്, ദൃശ്യപരതയുടെ അഭാവം, ആലിപ്പഴം, പെട്ടെന്നുള്ള പേമാരി എന്നിവ സംഭവിക്കാൻ ഇടയുള്ളതിനാൽ കരമാർഗമുള്ള യാത്ര മാറ്റിവെക്കാനാണ് നിർദ്ദേശം.
മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതയിലാണെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ ഖഹ്താനി വിശദീകരിച്ചു.
നജ്‌റാൻ, ജിസാൻ, അസീർ, അൽ-ബഹ, മദീന എന്നീ മേഖലകളിൽ മഴ പെയ്യുമെന്നും മക്ക മേഖലയിലെ ഉയർന്ന പ്രദേശങ്ങളുടെ തെക്കൻ ഭാഗങ്ങളിലേക്കും മഴ വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഴ മുന്നറിയിപ്പ് കാരണം സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.