ബെയ്‌റൂത്ത് – ദക്ഷിണ ലെബനോനില്‍ ഹിസ്ബുല്ല പോരാളികളുമായുള്ള പോരാട്ടത്തില്‍ നാലു സൈനികര്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നഹല്‍ ബ്രിഗേഡിലെ ഒരു ഓഫീസര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ കൊല്ലപ്പെട്ടതായും മൂന്നു പേര്‍ക്ക് പരിക്കേറ്റതായും സൈന്യം ഇന്ന് രാവിലെ അറിയിച്ചു. ഹിസ്ബുല്ല പോരാളികളുമായി വളരെ അടുത്തു നിന്നുള്ള പോരാട്ടത്തിനിടെയാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ചാനല്‍ 12 പറഞ്ഞു. ഇസ്രായില്‍ സേനയെ ആക്രമിച്ച പോരാളികളെ ലക്ഷ്യമിടാന്‍ സൈന്യം യുദ്ധവിമാനം, ടാങ്കുകള്‍, പീരങ്കികള്‍ എന്നിവ ഉപയോഗിച്ചു. കൊല്ലപ്പെട്ട സൈനികരെയും പരിക്കേറ്റവരെയും ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ പോരാളികകള്‍ ടാങ്ക് വിരുദ്ധ മിസൈലുകള്‍ പ്രയോഗിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ചാനല്‍ 12 കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ദക്ഷിണ ലെബനോനില്‍ ഡസന്‍ കണക്കിന് ഭീകരരെ കൊലപ്പെടുത്തിയതായും ഒരാളെ അറസ്റ്റ് ചെയ്തതായും ആയുധപ്പുരകളും കമാന്‍ഡ് സെന്ററുകളും ഭൂഗര്‍ഭ തുരങ്കങ്ങളും തകര്‍ത്തതായും ഇസ്രായില്‍ സൈന്യം അറിയിച്ചു. തെക്കന്‍ ലെബനോനിലെ നിലവിലെ സുരക്ഷാ ബഫര്‍ സോണ്‍ വികസിപ്പിക്കാന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഞായറാഴ്ച ഇസ്രായില്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ദക്ഷിണ ലെബനോനിലെ സുരക്ഷാ സാഹചര്യം സമൂലമായി മാറ്റാനുള്ള തന്റെ നിശ്ചയദാര്‍ഢ്യം നെതന്യാഹു വ്യക്തമാക്കി



