അബുദാബി: യുഎഇ തലസ്ഥാനത്തെ പ്രമുഖ വ്യവസായ മേഖലയായ കെസാദിന് സമീപം ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ രണ്ടിടത്ത് വൻ തീപിടിത്തം. കെട്ടിടങ്ങളുടെ മുകളിൽ നിന്ന് കത്തിയെരിഞ്ഞ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ച് 5 ഇന്ത്യക്കാരായ പ്രവാസികൾക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. വിവരം ലഭിച്ച ഉടൻ തന്നെ അബുദാബി സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലത്തെത്തുകയും തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.
പരിക്കേറ്റവരെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഗ്‌നിശമന സേനയുടെ സമയോചിതമായ ഇടപെടൽ മൂലം തീ സമീപത്തെ കെട്ടിടങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാൻ സാധിച്ചു. ഇറാൻ നടത്തിയ മിസൈലാക്രമണം യുഎഇയുടെ പ്രതിരോധ സംവിധാനം തകർത്തുവെങ്കിലും അവയുടെ അവശിഷ്ടങ്ങൾ പതിച്ചാണ് നാശനഷ്ടങ്ങൾ സംഭവിച്ചതെന്നാണ് റിപ്പോർട്ട്.



