തെഹ്‌റാൻ: ഇറാന്റെ ഊർജ-വ്യവസായ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണങ്ങൾ സമാധാന ശ്രമങ്ങൾക്കായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ സമയപരിധിക്ക് വിരുദ്ധമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി ആരോപിച്ചു. രാജ്യത്തെ പ്രമുഖ സ്റ്റീൽ പ്ലാന്റുകൾ, വൈദ്യുതി നിലയങ്ങൾ, ആണവ ഗവേഷണ കേന്ദ്രങ്ങൾ എന്നിവയ്ക്ക് നേരെ അമേരിക്കയുമായി ഏകോപിപ്പിച്ചാണ് ഇസ്രായിൽ ആക്രമണം നടത്തിയതെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇത്തരം ക്രിമിനൽ നടപടികൾക്ക് ഇസ്രായിൽ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മധ്യ ഇറാനിലെ അരക് നഗരത്തിലുള്ള ഘനജല ഉൽപ്പാദന കേന്ദ്രത്തിലും യസ്ദ് പ്രവിശ്യയിലെ യുറേനിയം പ്ലാന്റിലും ഇസ്രായിൽ സൈന്യം ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മേഖലയിൽ റേഡിയോ ആക്ടീവ് വികിരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി വ്യക്തമാക്കി. ഇസ്രായിൽ പ്രധാനമന്ത്രിയുടെയും പ്രതിരോധ മന്ത്രിയുടെയും നേരിട്ടുള്ള നിർദേശപ്രകാരമാണ് പ്രധാന സ്റ്റീൽ പ്ലാന്റുകൾ തകർത്തതെന്ന് ഇസ്രായിൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
അതേസമയം, ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നത് ഇറാന്റെ നിയമപരമായ അവകാശമാണെന്ന് റഷ്യൻ വിദേശകാര്യമന്ത്രിയുമായുള്ള ചർച്ചയിൽ അറാഗ്ചി ആവർത്തിച്ചു. അമേരിക്കൻ, ഇസ്രായേൽ കപ്പലുകൾക്ക് മാത്രമായിരിക്കും ഈ നിയന്ത്രണമെന്നും അദ്ദേഹം വ്യക്തമാക്കി. സിവിലിയൻ സുരക്ഷ മുൻനിർത്തി ഗൾഫ് രാജ്യങ്ങളിലെ ഹോട്ടലുകൾ അമേരിക്കൻ സൈനികർക്ക് താമസമൊരുക്കരുതെന്നും, സൈനിക സാന്നിധ്യം സാധാരണക്കാരെ അപകടത്തിലാക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.



