റിയാദ് – ഇസ്രായിലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തണമെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന, ഗാസ യുദ്ധവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യാന്‍ ചേര്‍ന്ന അസാധാരണ അറബ്, ഒ.ഐ.സി ഉച്ചകോടി ചുമതലപ്പെടുത്തിയ സംയുക്ത സമിതി ആവശ്യപ്പെട്ടു. ഗാസ യുദ്ധം ഉടനടി അവസാനിപ്പിക്കാനും സാധാരണക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനും പര്യാപ്തമായ അളവില്‍ സുസ്ഥിരമായ നിലക്ക് റിലീഫ് വസ്തുക്കള്‍ എത്തിക്കാനും അറബ്, ഒ.ഐ.സി രാജ്യങ്ങള്‍ സംയുക്ത ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിനെ കുറിച്ചും ഫലസ്തീന്‍ ജനതയുടെ മോഹങ്ങള്‍ സാക്ഷാല്‍ക്കരിക്കും വിധം സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന് അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ശ്രമങ്ങള്‍ തുടരുന്നതിനെ കുറിച്ചും യോഗം വിശകലനം ചെയ്തു. ഗാസ ഫലസ്തീന്റെ അവിഭാജ്യ ഭാഗമാണ്. ഫലസ്തീനികളെ സ്വന്തം മണ്ണില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങളും റഫയിലെ സൈനിക നടപടികളും ഒരിക്കലും അംഗീകരിക്കില്ല.
അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും ലംഘിക്കുന്നതിനും ഗാസയിലും വെസ്റ്റ് ബാങ്കിലും നടത്തുന്ന യുദ്ധക്കുറ്റങ്ങള്‍ക്കും തിരിച്ചടിയെന്നോണം ഇസ്രായിലിലേക്ക് ആയുധ കയറ്റുമതി നിര്‍ത്തിവെക്കുന്നത് അടക്കം ഇസ്രായിലിനെതിരെ അന്താരാഷ്ട്ര സമൂഹം ഫലപ്രദമായ ശിക്ഷകള്‍ ബാധകമാക്കണം. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഇസ്രായില്‍ നേതാക്കളോട് കണക്കു ചോദിക്കാന്‍ അന്താരാഷ്ട്ര നിയമ സംവിധാനം ഫലപ്രദമായി ഉപയോഗിക്കണം. ഫലസ്തീനികള്‍ക്കെതിരായ ജൂത കുടിയേറ്റക്കാരുടെ ഭീകരത അവസാനിപ്പിക്കുകയും ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം വ്യക്തവും കര്‍ക്കശവുമായ നിലപാട് സ്വീകരിക്കുകയും വേണം. ഗാസ യുദ്ധവും ഫലസ്തീനികള്‍ക്കെതിരായ ഗുരുതരമായ കുറ്റകൃത്യങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചാത്യ രാജ്യങ്ങളില്‍ സമാധാനപരമായി പ്രകടനം നടത്തുന്നവര്‍ക്കെതിരെ സ്വീകരിക്കുന്ന കടുത്ത നടപടികളില്‍ അറബ്, ഒ.ഐ.സി മന്ത്രിമാര്‍ ആശങ്ക പ്രകടിപ്പിച്ചു.
ജോര്‍ദാന്‍ ഉപപ്രധാനമന്ത്രിയും വിദേശ, പ്രവാസികാര്യ മന്ത്രിയുമായ അയ്മന്‍ അല്‍സ്വഫദി, ഈജിപ്ഷ്യന്‍ വിദേശ മന്ത്രി സാമിഹ് ശുക്‌രി, തുര്‍ക്കി വിദേശ മന്ത്രി ഹാകാന്‍ ഫൈദാന്‍, ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഹുസൈന്‍ ത്വാഹ, ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറിയും സിവില്‍ അഫയേഴ്‌സ് മന്ത്രിയുമായ ഹുസൈന്‍ അല്‍ശൈഖ്, ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് അല്‍ഖുലൈഫി എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group