മക്ക– പ്രവാസ ലോകത്തെ മദ്റസ വിദ്യാർഥികൾക്കായി ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐ.സി.എഫ്.) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം ‘തിലാവ-2026’ ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച (മാർച്ച് 27) നടക്കും. ഖുർആൻ പാരായണത്തിന്റെ മഹത്വവും പ്രാധാന്യവും പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനൊപ്പം, വിദ്യാർഥികൾക്ക് വിശുദ്ധ ഖുർആനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.
മദ്റസ, റീജിയൺ, ചാപ്റ്റർ, നാഷണൽ എന്നീ നാല് ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളിൽ വിജയികളായ പ്രതിഭകളാണ് അന്താരാഷ്ട്ര ഫൈനലിൽ മാറ്റുരയ്ക്കുന്നത്. നൂതനമായ സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വിർച്വൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ഇത്തവണത്തെ മത്സരം സംഘടിപ്പിക്കുക. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ മത്സരങ്ങൾ ഉദ്‌ഘാടനം ചെയ്യും. കിഡ്‌സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ശബ്ദസൗന്ദര്യത്തിന് പുറമെ തജ്‌വീദ് നിയമങ്ങൾ, മഖ്‌റജ് (അക്ഷരങ്ങളുടെ ഉച്ചാരണ സ്ഥാനം), പാരായണ ശൈലി എന്നിവയാണ് വിധിനിർണയത്തിൽ പ്രധാനമായും പരിഗണിക്കും. ഓരോ വിഭാഗത്തിനും പ്രത്യേക സൂറത്തുകൾ (അധ്യായങ്ങൾ) നേരത്തെ തന്നെ നിശ്ചയിച്ചു നൽകിയിരുന്നു.
പ്രവാസ ലോകത്തെ ഏറ്റവും വലിയ ഖുർആൻ വിജ്ഞാന പദ്ധതികളിലൊന്നായി ‘തിലാവ’ മാറിക്കഴിഞ്ഞതായി ഐ.സി.എഫ്. ഭാരവാഹികൾ അറിയിച്ചു. അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖ പണ്ഡിതന്മാരും സാംസ്കാരിക നേതാക്കളും മത്സരത്തിന് സാക്ഷ്യം വഹിക്കും.



