കൊച്ചി– കൊച്ചി എടയാറിലെ വ്യവസായ മേഖലയിലെ ലൂബ്രിക്കൻസ് എന്ന ഓയിൽ കമ്പനിയിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ഇന്ന് രാവിലെ തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് അപ്രതീക്ഷിതമായി അപകടമുണ്ടായത്. കമ്പനിക്കുള്ളിലെ ബോയിലർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് മറ്റ് ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ഭൂരിഭാഗം തൊഴിലാളികളെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചെങ്കിലും, ഇതര സംസ്ഥാനക്കാരനായ ഒരു തൊഴിലാളി കമ്പനിക്കുള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഇദ്ദേഹമാണ് അപകടത്തിൽ മരണപ്പെട്ടത്. അപകടസ്ഥലത്ത് കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ഫയർഫോഴ്സ് അധികൃതർ വിലയിരുത്തുന്നു.
നിലവിൽ ആറോളം ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ യൂണിറ്റുകൾ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നുണ്ട്.



