തെഹ്‌റാന്‍ – മേഖലയിലെ മുഴുവൻ അമേരിക്കൻ സൈനിക താവളങ്ങളും തങ്ങൾ തകർത്തതായി ഇറാൻ റെവല്യൂഷണറി ഗാർഡ് വക്താവ്. ആക്രമണത്തെത്തുടർന്ന് അമേരിക്കൻ സൈന്യം വലിയ ആശയക്കുഴപ്പത്തിലാണെന്നും സൈനികരും കമാൻഡർമാരും താവളങ്ങൾ ഉപേക്ഷിച്ച് രഹസ്യ ബങ്കറുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്നും ഇറാൻ പറഞ്ഞു. ഒളിച്ചോടിയ ഈ സൈനികരെ കണ്ടെത്താനുള്ള തിരച്ചിൽ റെവല്യൂഷണറി ഗാർഡ് തുടരുകയാണ്. പതിവ് താവളങ്ങളിൽ നിന്ന് മാറിയതുകൊണ്ട് മാത്രം ഇറാന്റെ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ അമേരിക്കൻ സൈന്യത്തിന് കഴിയില്ലെന്നും ഇറാൻ പ്രസ്താവനയിൽ വ്യക്തമാക്കി.
തെക്കുകിഴക്കൻ ഇറാനിലെ ചാബഹാറിന് സമീപം അമേരിക്കയുടെ എഫ്/എ-18 സൂപ്പർ ഹോർനെറ്റ് യുദ്ധവിമാനം വെടിവെച്ചിട്ടതായും റെവല്യൂഷണറി ഗാർഡ് അറിയിച്ചു. മിസൈൽ ആക്രമണത്തിൽ തകർന്ന വിമാനം ഇന്ത്യൻ മഹാസമുദ്രത്തിൽ വീണതായാണ് ഇറാൻ അവകാശപ്പെടുന്നത്. വിമാനത്തിന് തീപിടിക്കുന്ന ദൃശ്യങ്ങൾ ഇറാൻ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും അമേരിക്കൻ പ്രതിരോധ വകുപ്പ് ഇതുവരെ ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. അന്താരാഷ്ട്ര മാധ്യമങ്ങൾ ഇറാന്റെ അവകാശവാദം എന്ന നിലയിലാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, പുതിയ കരാറിൽ ഒപ്പിടാൻ തയ്യാറായില്ലെങ്കിൽ ഇറാനിൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി. തങ്ങൾ പരാജയപ്പെട്ടുവെന്ന യാഥാർത്ഥ്യം ഇറാൻ അംഗീകരിക്കണമെന്നും അല്ലാത്തപക്ഷം കൂടുതൽ മാരകമായ നടപടികൾ സ്വീകരിക്കുമെന്നും അമേരിക്ക ഭീഷണിപ്പെടുത്തി. സമാധാനമാണ് പ്രസിഡന്റ് ട്രംപ് ആഗ്രഹിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ മുന്നറിയിപ്പുകൾ വെറും വാക്കല്ലെന്നും ഏതുതരം സംഘർഷത്തിനും അമേരിക്ക തയ്യാറാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇറാന്റെ ആക്രമണ ശേഷി നശിപ്പിക്കാനുള്ള സൈനിക നീക്കങ്ങൾ തുടരുമെന്നും അമേരിക്ക അറിയിച്ചു.
https://twitter.com/i/status/2036859131802337441



