തെഹ്‌റാൻ– ഇറാനുമായുള്ള നേരിട്ടുള്ള യുദ്ധം ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോൾ, സമാധാന ചർച്ചകളെക്കുറിച്ചും അടുത്ത ഘട്ടത്തെക്കുറിച്ചും ട്രംപ് ഭരണകൂടം പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായി ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു. യുദ്ധത്തിന്റെ തീവ്രത കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പ്രസിഡൻ്റ് ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. യുദ്ധം രണ്ടാഴ്ച കൂടി തുടരാൻ സാധ്യതയുണ്ടെങ്കിലും സമാധാന കരാറിനുള്ള നയതന്ത്ര പാതയൊരുക്കാൻ ട്രംപിന്റെ ഉപദേശകരായ ജാരെഡ് കുഷ്‌നറും സ്റ്റീവ് വിറ്റ്കോഫും ശ്രമം തുടങ്ങിയിട്ടുണ്ട്.
യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക, ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഒഴിവാക്കുക, ആണവ പദ്ധതിയും ബാലിസ്റ്റിക് മിസൈലുകളും നിയന്ത്രിക്കുക, മേഖലയിലെ ഇതര സായുധ ഗ്രൂപ്പുകൾക്ക് നൽകുന്ന പിന്തുണ അവസാനിപ്പിക്കുക തുടങ്ങിയ നിബന്ധനകൾ ഉൾപ്പെടുമെന്നാണ് സൂചന. നിലവിൽ അമേരിക്കയും ഇറാനും തമ്മിൽ നേരിട്ട് ആശയവിനിമയം നടത്തുന്നില്ലെങ്കിലും മൂന്നാം കക്ഷി വഴി പരോക്ഷമായി സന്ദേശങ്ങൾ കൈമാറുന്നുണ്ട്. വെടിനിർത്തൽ പ്രഖ്യാപിക്കുക, ഭാവിയിൽ ആക്രമണം ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകുക, സാമ്പത്തിക നഷ്ടപരിഹാരം നൽകുക എന്നിവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങൾ. എന്നാൽ നഷ്ടപരിഹാരം എന്നതിന് പകരം മരവിപ്പിച്ച ഇറാൻ ആസ്തികൾ തിരികെ നൽകുക എന്ന ഫോർമുലയാകും ഇരുപക്ഷത്തിനും സ്വീകാര്യമാകുക എന്ന് യു.എസ് ഉദ്യോഗസ്ഥർ കരുതുന്നു.
ആണവ കേന്ദ്രങ്ങളായ നതാൻസ്, ഇസ്ഫഹാൻ, ഫോർഡോ എന്നിവ പൊളിച്ചുനീക്കുക, മിസൈൽ പദ്ധതികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, ഹിസ്ബുള്ളയും ഹൂത്തികളും അടക്കമുള്ള ഗ്രൂപ്പുകൾക്കുള്ള സഹായം നിർത്തലാക്കുക എന്നീ ആറ് പ്രധാന ആവശ്യങ്ങളാണ് അമേരിക്ക മുന്നോട്ടുവെക്കുന്നത്. എന്നാൽ മുൻപ് ഇത്തരം പല ഉപാധികളും ഇറാൻ തള്ളിയിരുന്നു. ഹോർമുസ് കടലിടുക്കിൽ സാധാരണ നില പുനഃസ്ഥാപിക്കണമെങ്കിൽ അമേരിക്കയും ഇസ്രായിലും ആക്രമണം നിർത്തണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി ഇന്ത്യൻ വിദേശകാര്യ മന്ത്രിയോട് വ്യക്തമാക്കിയിട്ടുണ്ട്. ഇറാനുമായി ചർച്ചകൾക്ക് തടസ്സമില്ലെങ്കിലും വെടിനിർത്തലുമായി ബന്ധപ്പെട്ട ഇറാന്റെ എല്ലാ ആവശ്യങ്ങളും അം7/ഗീകരിക്കാൻ ട്രംപിന് നിലവിൽ താല്പര്യമില്ല. ഇറാനിൽ തീരുമാനങ്ങൾ എടുക്കാൻ അധികാരമുള്ള യഥാർത്ഥ നേതാവ് ആരാണെന്നും മധ്യസ്ഥത വഹിക്കാൻ അനുയോജ്യമായ രാജ്യം ഏതാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ട്രംപിന്റെ സംഘം ഇപ്പോൾ.



