മയിലാടുതുറൈ– തമിഴ്‌നാട്ടിലെ മയിലാടുതുറൈയ്ക്ക് സമീപമുള്ള നീഡൂർ ഗ്രാമത്തിൽ ഒരു കുടുംബം ഏഴ് തലമുറകളായി കാത്തുസൂക്ഷിക്കുന്ന കൊച്ചു ഖുർആനും അത് സൂക്ഷിച്ചിരിക്കുന്ന ലോഹപ്പെട്ടിയും ആധുനിക ശാസ്ത്രലോകത്തിന് അത്ഭുതമാകുന്നു. 14-ാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ഈ അപൂർവ്വ പുരാവസ്തുവിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യ ഇന്നത്തെ ബഹിരാകാശ പേടകങ്ങളിൽ ഉപയോഗിക്കുന്ന ലോഹക്കൂട്ടുകളേക്കാൾ കരുത്തുള്ളതാണെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഈ പെട്ടി 2,600 ഡിഗ്രി സെൽഷ്യസ് വരെ ചൂടിനെ പ്രതിരോധിക്കുന്നമെന്നാണ് കണ്ടെത്തൽ.
അമീനുള്ള എന്ന വ്യക്തിയുടെ കുടുംബം നൂറ്റാണ്ടുകളായി സംരക്ഷിച്ചുപോരുന്ന ഈ ഖുർആൻ വെറും 1.5 ഇഞ്ച് വീതിയും 1.75 ഇഞ്ച് നീളവുമുള്ള ഒരു ചെറിയ ലോഹപ്പെട്ടിക്കുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നത്. പത്തൊൻപത് പേജുകളിലായി അതീവ സൂക്ഷ്മമായ കാലിഗ്രഫിയിലൂടെ 6,676 അധ്യായങ്ങളാണ് ഈ കൊച്ചു ഗ്രന്ഥത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്. 17-ാം നൂറ്റാണ്ടിലേതാണ് ഇതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ആദ്യം കരുതിയിരുന്നെങ്കിലും, പുതിയ പഠനങ്ങൾ ഇത് 14-ാം നൂറ്റാണ്ടിലേതാണെന്ന് സ്ഥിരീകരിച്ചു.
മന്നംപന്തൽ എ.വി.സി കോളേജിലെ ഫിസിക്സ് വിഭാഗം പ്രൊഫസർ രാമലിംഗത്തിന്റെ നേതൃത്വത്തിൽ ഐ.ഐ.എസ്.സി, ഐ.ഐ.ടി, എൻ.ഐ.ടി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ ലാബുകളിൽ നടത്തിയ പരിശോധനയിലാണ് ഈ അവിശ്വസനീയമായ വിവരങ്ങൾ പുറത്തുവന്നത്. 78 വ്യത്യസ്ത ലോഹങ്ങൾ കൃത്യമായ അളവിൽ ചേർത്താണ് ഈ പെട്ടി നിർമ്മിച്ചിരിക്കുന്നത്. 2,600 ഡിഗ്രി സെൽഷ്യസ് വരെ താപം പ്രതിരോധിക്കാൻ സാധിക്കുന്ന ഈ ലോഹപ്പെട്ടി, 2,500 ഡിഗ്രി ചൂടിൽ പോലും ഉരുകാതെ നിലനിന്നു എന്നത് ശാസ്ത്രജ്ഞരെ അമ്പരപ്പിച്ചു. ഇന്നത്തെ ബഹിരാകാശ പേടകങ്ങളിൽ ഉപയോഗിക്കുന്ന സെറാമിക് കോട്ടിംഗുകളേക്കാൾ മികച്ചതാണിതെന്ന് ഗവേഷകർ നിരീക്ഷിക്കുന്നു. യുറേനിയം, തോറിയം, കോബാൾട്ട് തുടങ്ങിയ റേഡിയോ ആക്ടീവ് മൂലകങ്ങളുടെ സാന്നിധ്യം ഈ പെട്ടിയെ നൂറ്റാണ്ടുകളായി തുരുമ്പിൽ നിന്ന് സംരക്ഷിക്കുന്നു.
17-18 നൂറ്റാണ്ടുകളിൽ മാത്രം വികസിപ്പിച്ചതെന്ന് കരുതപ്പെടുന്ന ‘നിക്കൽ പ്ലേറ്റിംഗ്’ സാങ്കേതികവിദ്യ 14-ാം നൂറ്റാണ്ടിൽ തന്നെ ഈ പെട്ടിയുടെ നിർമ്മാണത്തിൽ ഉപയോഗിച്ചിട്ടുണ്ട് എന്നത് ചരിത്രകാരന്മാരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. ആധുനിക ബഹിരാകാശ ശാസ്ത്രത്തിൽ ഭാരം കുറഞ്ഞതും എന്നാൽ കഠിനമായ ചൂടിനെ പ്രതിരോധിക്കുന്നതുമായ പേടകങ്ങൾ നിർമ്മിക്കാൻ ഈ പുരാതന വിദ്യ സഹായിച്ചേക്കാമെന്ന് പ്രൊഫസർ രാമലിംഗം പറഞ്ഞു.



