ഗാസ – ഗാസ നഗരത്തില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ സിവില്‍ ഡിഫന്‍സും ഗാസ മുനമ്പിലെ രണ്ട് ആശുപത്രികളും അറിയിച്ചു. ഗാസ നഗരത്തിന് കിഴക്കുള്ള തുഫാഹ്, സെയ്തൂന്‍ ഡിസ്ട്രിക്ടുകളിലെ രണ്ട് കൂട്ടം സിവിലിയന്മാരെ ലക്ഷ്യമിട്ട് ഇസ്രായില്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബസല്‍ വ്യക്തമാക്കി.
ഗാസ നഗരത്തിന് കിഴക്കുള്ള തുഫാഹ് അയല്‍പക്കത്തുള്ള അല്‍ശവാ ചത്വരത്തില്‍ ഒരുകൂട്ടം സിവിലിയന്മാര്‍ക്ക് നേരെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ട് രക്തസാക്ഷികളുടെ മൃതദേഹങ്ങള്‍ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ എത്തിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ഗാസ നഗരത്തിലെ സെയ്തൂന്‍ അയല്‍പക്കത്തിന് കിഴക്ക് ഒരുകൂട്ടം സിവിലിയന്മാരെ ലക്ഷ്യമിട്ട് ഇസ്രായില്‍ ഡ്രോണ്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ട് രക്തസാക്ഷികളുടെ മൃതദേഹങ്ങള്‍ അല്‍ശിഫ ആശുപത്രിയിലും എത്തിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഇസ്രായില്‍ സൈന്യം പിന്‍വാങ്ങിയ യെല്ലോ ലൈന്‍ പ്രദേശത്ത് നാല് സായുധ ഭീകരരെ തങ്ങളുടെ സൈന്യം കണ്ടെത്തി കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം പറഞ്ഞു.
ഹമാസിന്റെ ഖാന്‍ യൂനിസ് ബ്രിഗേഡിന്റെ സൈനിക ഇന്റലിജന്‍സ് കമാന്‍ഡര്‍ മുഹമ്മദ് അബൂശഹ്ലയെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ അറിയിച്ചു. യുദ്ധകാലത്ത് മുതിര്‍ന്ന ബ്രിഗേഡ് കമാന്‍ഡര്‍മാരുടെ ഇന്റലിജന്‍സ് ഓഫീസറായി അബൂശഹ്ല പ്രവര്‍ത്തിച്ചതായും 2023 ഒക്ടോബര്‍ 7 ന് ഖാന്‍ യൂനിസ് പ്രദേശത്ത് ഇസ്രായിലിനെതിരായ ആക്രമണം ആസൂത്രണം ചെയ്യുന്നതില്‍ പങ്കാളിയായിരുന്നെന്നും സൈന്യം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. മധ്യ ഗാസ മുനമ്പിലെ അല്‍സവായ്ദ ഗ്രാമത്തില്‍ പോലീസ് വാഹനം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് ഫലസ്തീന്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ഹമാസ് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച അറിയിച്ചിരുന്നു.



