നർമദാപുരം– മധ്യപ്രദേശിലെ നർമദാപുരം റെയിൽവേ സ്റ്റേഷനിൽ എട്ടു വയസ്സുകാരിയെ മാതാവ് ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടു. പ്ലാറ്റ്‌ഫോം ഒന്നിൽ ട്രെയിൻ എത്തിയ സമയത്തായിരുന്നു സംഭവം. ട്രെയിൻ എഞ്ചിൻ തട്ടി പ്ലാറ്റ്‌ഫോമിനും ട്രാക്കിനുമിടയിൽ കുടുങ്ങിയ കുട്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നിലവിൽ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ കുട്ടിയെ രക്ഷിക്കരുതെന്ന് മാതാവ് വിളിച്ചുപറഞ്ഞതായി ദൃക്‌സാക്ഷികൾ പോലീസിനോട് വെളിപ്പെടുത്തി. ട്രെയിൻ കടന്നുപോയ ഉടൻ റെയിൽവേ ജീവനക്കാരും യാത്രക്കാരും ചേർന്നാണ് കുട്ടിയെ ട്രാക്കിൽ നിന്നും പുറത്തെടുത്തത്.
യുവതി കഴിഞ്ഞ കുറച്ചു വർഷങ്ങളായി മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നതായി പോലീസ് അറിയിച്ചു. ഭർത്താവിന്റെ മരണശേഷം മകളോടൊപ്പം ഒറ്റയ്ക്കായിരുന്നു താമസം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയുടെ ചികിത്സാ രേഖകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.



