ബഗ്ദാദ് – ഇന്ന് പുലര്‍ച്ചെ ബഗ്ദാദിലെ യു.എസ് എംബസിക്കു നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വന്‍ ആക്രമണമുണ്ടായി. ഏതാനും മിസൈലുകളും അഞ്ച് ഡ്രോണുകളും ആക്രമണത്തിന് ഉപയോഗിച്ചതായി ഇറാഖി സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. ഇറാനെതിരായ യു.എസ്-ഇസ്രായില്‍ യുദ്ധം ആരംഭിച്ചതിനുശേഷം ബഗ്ദാദ് യു.എസ് എംബസിക്കു നേരെയുണ്ടാകുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്.
എംബസിക്ക് നേരെ കുറഞ്ഞത് മൂന്ന് ഡ്രോണുകളെങ്കിലും വന്നതായി റോയിട്ടേഴ്സിനോട് ഒരു ദൃക്സാക്ഷി പറഞ്ഞു. സി-റാം വ്യോമ പ്രതിരോധ സംവിധാനം അവയില്‍ രണ്ടെണ്ണം വെടിവച്ചു വീഴ്ത്തി. മൂന്നാമത്തേത് എംബസി കോമ്പൗണ്ടിനുള്ളില്‍ പതിച്ചു. പിന്നാലെ എംബസി കോമ്പൗണ്ടില്‍ തീയും പുകയും ഉയര്‍ന്നു. ഇറാഖി തലസ്ഥാനത്ത് വലിയ സ്ഫോടനം കേട്ടതായി മറ്റൊരാളും റോയിട്ടേഴ്സിനെ അറിയിച്ചു. ബഗ്ദാദ് വിമാനത്താവളത്തിനടുത്തുള്ള യു.എസ് നയതന്ത്ര കേന്ദ്രത്തിനു നേരെ മിസൈല്‍ ആക്രമണമുണ്ടായതായും സൈറണുകള്‍ കേട്ടതായും സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
ഫെബ്രുവരി 28 ന് ആരംഭിച്ച യുദ്ധത്തിന് പ്രതികാരമായി ഇറാഖില്‍ ഇറാന്‍ പിന്തുണയുള്ള മിലീഷ്യകള്‍ ഇറാഖിലെ യു.എസ് താല്‍പ്പര്യങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിവരികയാണ്.
ഇറാന്‍ പിന്തുണയുള്ള കതായിബ് ഹിസ്ബുല്ല ഗ്രൂപ്പിലെ മുതിര്‍ന്ന കമാന്‍ഡര്‍ ഇന്നലെ ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സിറിയന്‍ അതിര്‍ത്തിക്കടുത്തുള്ള ഇറാഖി നഗരമായ അല്‍ഖായിമില്‍ നടന്ന വ്യോമാക്രമണത്തില്‍ തങ്ങളുടെ എട്ട് പോരാളികള്‍ കൊല്ലപ്പെട്ടതായും ആക്രമണത്തിന് പിന്നില്‍ ഇസ്രായിലാണെന്നും ഇറാന്‍ അനുകൂല പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് അറിയിച്ചു. തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ വന്‍തോതില്‍ ഇറാഖി സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. സര്‍ക്കാര്‍ കെട്ടിടങ്ങളും യു.എസ് എംബസി ഉള്‍പ്പെടെയുള്ള നയതന്ത്ര കാര്യാലയങ്ങളും സ്ഥിതി ചെയ്യുന്ന ബാഗ്ദാദിലെ കനത്ത സുരക്ഷയുള്ള ഗ്രീന്‍ സോണ്‍ സുരക്ഷാ വകുപ്പുകള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. ജീവന് ഭീഷണിയുള്ളതിനാല്‍ ഇറാഖിലെ മുഴുവന്‍ അമേരിക്കന്‍ പൗരന്മാരും എത്രയും വേഗം രാജ്യം വിടണമെന്ന് കഴിഞ്ഞ ദിവസം ബഗ്ദാദ് യു.എസ് എംബസി ആവശ്യപ്പെട്ടിരുന്നു.



