വാഷിംഗ്ടണ്‍ – ഇറാനുമായുള്ള യുദ്ധത്തില്‍ 13 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതായും 200 ഓളം പേര്‍ക്ക് പരിക്കേറ്റതായും യു.എസ് സൈന്യം അറിയിച്ചു. പരിക്കേറ്റവരില്‍ കൂടുതൽ പേർക്കും നിസ്സാര പരിക്കുകളാണേറ്റത്. അവരില്‍ 180 പേര്‍ ഇതിനകം ഡ്യൂട്ടിയില്‍ തിരിച്ചെത്തിയിട്ടുണ്ടെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. ഫെബ്രുവരി 28 ന് യുദ്ധം ആരംഭിച്ചതിന് ശേഷം ഇറാന്‍ യു.എസ് സൈനിക താവളങ്ങളില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തി തിരിച്ചടിച്ചതിലൂടെ 13 യു.എസ് സൈനികരും കൊല്ലപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങള്‍, ഹോട്ടലുകള്‍, വിമാനത്താവളങ്ങള്‍ എന്നിവക്കു നേരെയും ഇറാന്‍ ആക്രമണങ്ങള്‍ നടത്തി.
ഇറാനിലെ 7,000 ലേറെ കേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. യുദ്ധത്തില്‍ അമേരിക്കയുടെ 10 ലേറെ എം.ക്യു-9 റീപ്പര്‍ ഡ്രോണുകള്‍ തകര്‍ക്കപ്പെട്ടതായി യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജനറല്‍ ആറ്റോമിക്‌സ് എം.ക്യു-9 റീപ്പര്‍ ഡ്രോണിന് 15 കിലോമീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ തുടര്‍ച്ചയായി 27 മണിക്കൂറിലധികം നേരം പറക്കാന്‍ കഴിയും. നൂതന ക്യാമറകള്‍, സെന്‍സറുകള്‍, റഡാര്‍ എന്നിവ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ ഇവക്ക് സാധിക്കും. 16 വര്‍ഷം മുമ്പ് യു.എസ് വ്യോമസേനയില്‍ സേവനത്തില്‍ പ്രവേശിച്ച എം.ക്യു-9 റീപ്പര്‍ ഡ്രോണില്‍ വായുവില്‍ നിന്ന് കരയിലേക്ക് വിക്ഷേപിക്കുന്ന മിസൈലുകള്‍ പോലുള്ള ആയുധങ്ങള്‍ സജ്ജീകരിക്കാന്‍ കഴിയും.



