ബെയ്‌റൂത്ത് – മാര്‍ച്ച് രണ്ടു മുതല്‍ ഹിസ്ബുല്ലയും ഇസ്രായിലും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ ലെബനോനില്‍ മരിച്ചവരുടെ എണ്ണം 850 ആയി ഉയര്‍ന്നതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് 2 മുതല്‍ മാര്‍ച്ച് 15 വരെ ആകെ രക്തസാക്ഷികളുടെ എണ്ണം 850 ആയി. പരിക്കേറ്റവരുടെ എണ്ണം 2,105 ആയി. മരിച്ചവരില്‍ 107 കുട്ടികളും 32 പാരാമെഡിക്കുകളും ഉള്‍പ്പെടുന്നു.
ഹിസ്ബുല്ല മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളും ഗ്രൂപ്പിന്റെ ആസ്ഥാനങ്ങളും ആക്രമിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഖത്‌റാനി പ്രദേശത്തെ ഏതാനും ഹിസ്ബുല്ല റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ലെബനോനിലുടനീളമുള്ള ഹിസ്ബുല്ല അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തി. ഹിസ്ബുല്ല പ്രവര്‍ത്തകര്‍ ഈ സ്ഥലങ്ങളില്‍ നിന്ന് റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ തയ്യാറെടുക്കുകയായിരുന്നെന്നും ബെയ്‌റൂത്തിലെ റദ്‌വാന്‍ സേനയുടെ കമാന്‍ഡ് സെന്ററുകള്‍ നശിപ്പിച്ചതായും സൈന്യം അവകാശപ്പെട്ടു.
തെക്കന്‍ ലെബനോനില്‍ നടന്ന വ്യത്യസ്ത സംഭവങ്ങളിലായി തങ്ങളുടെ മൂന്ന് പട്രോളിംഗ് വാഹനങ്ങള്‍ക്കു നേരെ വെടിവെപ്പുണ്ടായതായി ലെബനോനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേന പ്രഖ്യാപിച്ചു. സര്‍ക്കാരേതര സായുധ ഗ്രൂപ്പുകള്‍ ആകാം ആക്രമണത്തിന് പിന്നിലെന്നും യു.എന്‍ സമാധാന സേന പറഞ്ഞു. മാര്‍ച്ച് 2 ന് ഹിസ്ബുല്ല-ഇസ്രായില്‍ യുദ്ധം ആരംഭിച്ചതിനുശേഷം, ലെബനീസ് പ്രസിഡന്റ് ജോസഫ് ഔന്‍ ഇസ്രായിലുമായി ചര്‍ച്ച നടത്താനുള്ള പദ്ധതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഇസ്രായിലില്‍ നിന്ന് ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ലെന്ന് ലെബനീസ് വൃത്തങ്ങള്‍ അറിയിച്ചു. അതേ സമയം, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇസ്രായിലിനോട് ലെബനോനുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്താന്‍ ആവശ്യപ്പെട്ടു. ഈ ചര്‍ച്ചകള്‍ സുഗമമാക്കാനും ആതിഥേയത്വം വഹിക്കാനുമുള്ള തന്റെ സന്നദ്ധത മാക്രോണ്‍ പ്രകടിപ്പിക്കുകയും ചെയ്തു.



